News Desk

2021-05-27 04:49:16 pm IST
ന്യൂയോര്‍ക്ക്:  കൊറോണ വൈറസ് ചൈനയിലെ ലാബില്‍ നിന്നാണോ മൃഗങ്ങളില്‍ നിന്നാണോ പരന്നതെന്ന കാര്യം അന്വേഷിച്ച്  മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യു.എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. വൈറസിന്റെ ഉത്ഭവത്തെപ്പറ്റി നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പ്രസിഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് തന്നെ രണ്ട് അഭിപ്രായമുള്ള സാഹചര്യത്തില്‍ കൃത്യമായ ഉത്തരം വേണമെന്നാണ് ബൈഡന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ചൈനയിലെ വുഹാനിലെ  മാര്‍ക്കറ്റിലാണ് ആദ്യം കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത്. അതോടെയാണ് മൃഗങ്ങളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന സംശയം നിലനിന്നത്. കൂടാതെ വുഹാനിലെ ലബോറട്ടറിയില്‍ നിന്നും അബദ്ധത്തില്‍ പുറത്തുവന്നതാണ് കൊവിഡിന് കാരണമായ വൈറസ് എന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം നിരവധി പേര്‍ ഇത്തരത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ചൈന ഇത് നിഷേധിക്കുകയാണ് ഉണ്ടായത്.  

അതേസമയം,  ഈ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് അമേരിക്കയിലെ ചൈനീസ് എംബസി രംഗത്തുവന്നു. ലാബ് ചോര്‍ച്ചയെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തവും കുറ്റപ്പെടുത്തലുകളും തിരിച്ചു വരുന്നത് രാഷ്ട്രീയക്കളിയാണ് എന്നാണ് ചൈനീസ് എംബസി പറഞ്ഞത്. ചൈനീസ് എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top