News Desk

2021-04-14 10:34:19 pm IST

വാഷിംഗ്ടണ്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അമേരിക്ക അറിയിച്ചു. വാക്‌സിന്‍ എടുത്ത ആറു പേര്‍ക്ക് വളരെ അപൂര്‍വമായ രക്തം കട്ടപിടിക്കുന്ന അവസ്ഥ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് നടപടി. 

സൗത്ത് ആഫ്രിക്കയും യൂറോപ്യന്‍ യൂണിയനും സമാനമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റെ ഉപയോഗം നിര്‍ത്തിവെച്ചിരിക്കുകയാണ്. വാക്‌സിന്‍ എടുത്ത ദശലക്ഷത്തിലൊരാള്‍ക്ക് മാത്രമേ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടാകൂ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വിവാദത്തിനില്ലെന്ന് അമരിക്കന്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഫൈസര്‍-ബയോഎന്‍ടെക്കിനേക്കാളും മൊഡേണയേക്കാളും കൂടുതല്‍ ഫലപ്രദമാണ് ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ എന്നു രാജ്യമെങ്ങും പ്രചാരണം നടന്നിരുന്നു. ഈ വാക്‌സിനാവട്ടെ ഒരു ഡോസ് എടുത്താല്‍ മതി. 

വാക്‌സിന്‍ എടുത്ത 18 നും 48 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് രക്തം കട്ടപിടിച്ച അവസ്ഥ ഉണ്ടായിരിക്കുന്നത്. ആറ് മുതല്‍ 13 ദിവസം വരെ എടുത്താണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. 

അതേസമയം, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനെടുത്താല്‍ സിഗരറ്റ് വലിക്കുന്നവര്‍ക്കോ ഹോര്‍മോണ്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കോ രക്തം കട്ടപിടിക്കുന്നതിനു സാധ്യതയുണ്ടെന്നും എന്നാല്‍ ഇത് വളരെ ചെറിയ നമ്പര്‍ ആണെന്നും ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പബ്ലിക് ഹെല്‍ത്ത് മെസേജിംഗ് പഠിക്കുന്ന രൂപാലി ജെ. ലിമെയ് പറഞ്ഞു. 

അസ്ട്രാസെനെക്ക വാക്‌സിന്‍ നല്‍കിയതിനുശേഷവും രക്തം കട്ടപിടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് ഈ വാക്‌സിനും നിരോധിച്ചിരുന്നു. വാക്‌സിന്റെ സുരക്ഷയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനായിരുന്നു നിരോധനം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top