News Desk

2021-03-22 06:29:33 pm IST
ദോഹ: മയക്കുമരുന്ന് കേസില്‍ ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശികളായ ഇന്ത്യന്‍ ദമ്പതികളുടെ കേസില്‍ ഈ മാസം 29ന് വീണ്ടും വിധി പ്രഖ്യാപിക്കും. ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് അപ്പീല്‍ കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഇന്നത്തെ വാദം കേള്‍ക്കലിന് ശേഷമാണ് 29ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. ദമ്പതികളേയും അവരുടെ പെണ്‍കുഞ്ഞിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. 

സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അല്‍ അന്‍സാരിയാണ് ദമ്പതികള്‍ക്കായി കോടതിയില്‍ കേസ് വാദിക്കുന്നത്. അപ്പീല്‍കോടതി വിധി പ്രഖ്യാപിച്ച കേസ് സുപ്രീം കോടതി പുനരവലോകനം ചെയ്യാന്‍ ഉത്തരവിടുന്നത് അപൂര്‍വമാണ്. അപ്പീല്‍കോടതിയുടെ വിധിപ്രഖ്യാപനത്തില്‍ പ്രതീക്ഷയുണ്ടെന്ന് ദോഹയിലെ ദമ്പതികളുടെ ലീഗല്‍ കണ്‍സള്‍ട്ടന്റായ നിസാര്‍ കോച്ചേരി പ്രതികരിച്ചു.   

അടുത്ത ബന്ധുവിന്റെ ചതിയാണ് ദമ്പതികളെ കുടുക്കിയതെന്ന് വ്യക്തമാക്കി ഇരുവരുടെയും കുടുംബങ്ങള്‍ ഇന്ത്യയില്‍ നല്‍കിയ കേസിന്റെയും നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ നേതൃത്വത്തിലുള്ള കേസിലെ പുരോഗതികളും സംബന്ധിച്ച രേഖകള്‍ സഹിതമാണ് ദമ്പതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് മയക്കുമരുന്ന് കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരുടെ പിടിയിലായ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കീഴ്ക്കോടതി ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും മൂന്ന് ലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചത്.

ഇവരുടെ ബാഗില്‍ നിന്ന് നാല് കിലോ ലഹരി മരുന്നാണ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഒനിബ ഗര്‍ഭിണിയായിരിക്കെ നിര്‍ബന്ധിച്ച് ഹണിമൂണിനായി ഇരുവരെയും ബന്ധുവായ സ്ത്രീ ഖത്തറിലേക്ക് അയയ്ക്കുകയായിരുന്നു. 2019 ജൂലൈയിലാണ് ഇരുവരും ദോഹയിലെ വിമാനത്താവളത്തില്‍ അറസ്റ്റിലാകുന്നത്. ഇതിനിടയില്‍ സെന്‍ട്രല്‍ ജയിലില്‍ ഒനിബ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഒനിബക്കൊപ്പം കുഞ്ഞ് സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top