News Desk

2021-05-18 06:23:28 pm IST
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതികരണവുമായി കെ. കെ ശൈലജ.  ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. താന്‍ മാത്രമല്ല കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രിമാരും ഇത്തവണ തുടരുന്നില്ലെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. 

പാര്‍ട്ടിയാണ് തന്നെ മന്ത്രിയാക്കിയതെന്നും അതുകൊണ്ടാണ് നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതെന്നും ശൈലജ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം കഴിയാവുന്നത്ര നിര്‍വ്വഹിക്കാന്‍ സാധിച്ചുവെന്നും അതില്‍ സംതൃപ്തിയുണ്ടെന്നും ശൈലജ പറഞ്ഞു. കൂടാതെ കഴിഞ്ഞ മന്ത്രസഭയിലെ എല്ലാ മന്ത്രിമാരും നന്നായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ശൈലജ ചൂണ്ടിക്കാട്ടി. 

തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായ പ്രകടനം ഉണ്ടാകേണ്ടതില്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. ഏത് പ്രശ്നമായാലും സോഷ്യല്‍ മീഡിയയില്‍  അഭിപ്രായ പ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായ പ്രകടനത്തിന്റെ കാര്യമില്ലെന്നാണ് താന്‍ കരുതുന്നത്. മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

നിപ്പ, കൊവിഡ് മഹാമാരി എന്നിവ നേരിടുന്നതില്‍ കെ. കെ ശൈലജയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് മികച്ച പ്രകടനം കാഴ്ചവെച്ച എന്ന നിലയിലും ആരോഗ്യ മന്ത്രിയെന്ന നിലയില്‍ ആഗോള തലത്തില്‍ തന്നെ നേടി പ്രശസ്തിയും റെക്കോര്‍ഡ് ഭൂരിപക്ഷവും കണക്കിലെടുത്താണ് മന്ത്രി സഭയില്‍ കെ. കെ ശൈലജ വിണ്ടും വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്. അതിനാലാണ് മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്.

എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താന്‍ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ടീം വര്‍ക്കാണ്. ഒരുപാട് ഉദ്യോഗസ്ഥന്‍മാര്‍, നാട്ടുകാര്‍, എല്ലാവരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനമാണ്. പാര്‍ട്ടിയെന്നെ മന്ത്രിയായി തീരുമാനിച്ചു. ഞാന്‍ നന്നായി പ്രവര്‍ത്തിച്ചു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ആരോഗ്യമന്ത്രി ഒറ്റയ്ക്കല്ല നയിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും വകുപ്പുകളും ചേര്‍ന്നാണ് നയിച്ചത്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ എന്റെ പങ്ക് ഞാന്‍ നിര്‍വഹിച്ചിട്ടുണ്ടെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. 

പുതിയ തലമുറയ്ക്ക് അവസരം കിട്ടുമ്പോള്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കുമെന്നും കെ. കെ ശൈലജ എടുത്തു പറഞ്ഞു. പുതിയ തലമുറ വരുന്നത് സ്വാഗതാര്‍ഹമാണണെന്നും പുതിയ ആളുകള്‍ വരുമ്പോള്‍ മുമ്പത്തേക്കാള്‍ നന്നായി കടമകള്‍ നിര്‍വഹിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. ജനങ്ങള്‍ തന്നിട്ടുള്ള സ്‌നേഹത്തിനും പിന്തുണയ്ക്കും നൂറ് നന്ദിയെന്നും ശൈലജ പറഞ്ഞു. മുഖ്യമന്ത്രി ഒഴികെ ഒരുവട്ടം മന്ത്രിയായ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടി യോഗം തീരുമാനിച്ചത്. ഇതോടെയാണ് കെ. കെ ശൈലജയെ ഒഴിവാക്കിയത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക







Top