News Desk

2021-05-18 05:03:44 pm IST
തിരുവനന്തപുരം: തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ കെ.കെ ശൈലജയ്ക്ക് മന്ത്രി പദമില്ലാത്തതിനാല്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. പാര്‍ട്ടി അനുഭാവികളും വിഷയത്തില്‍ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. കെ.ആര്‍ ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയതിന് സമാനമായാണ് കെ.കെ ശൈലജയോട് പാര്‍ട്ടി ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍.

കെ. ആര്‍ ഗൗരിയമ്മയും കെ.കെ ശൈലജയും തമ്മിലുള്ള ഫോട്ടോയും ചരിത്രം ആവര്‍ത്തിക്കുന്നുവെന്ന ക്യാപഷനും ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍  പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നത്. എല്ലാവരും പുതുമുഖങ്ങളാണെങ്കില്‍ പിന്നെ എന്തിന് പിണറായി വിജയനെ മുഖ്യമന്ത്രിയായി നിലനിര്‍ത്തിയെന്ന ചോദ്യവും ഉയരുന്നു വരുന്നുണ്ട്. ആദ്യം കെ. ആര്‍ ഗൗരിയമ്മ ഇന്ന് കെ.കെ ശൈലജ എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് നടക്കുന്നത്. 

മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് കെ. കെ ശൈലജ വിജയം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ മന്ത്രിസ്ഥാനം ഉറപ്പിച്ചുവെന്ന് വാര്‍ത്തകളും പുറത്തുവന്നിരുന്നു. കെ. കെ ശൈലജയുടെ നേതൃത്വത്തില്‍ നിപ്പ, പ്രളയം, കൊവിഡ് കാലഘട്ടത്തില്‍ കേരളത്തിന്റെ ആരോഗ്യ മേഖല മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. 

കെ. കെ ശൈലജയുടെ പ്രാവീണ്യം ഇക്കാലയളവില്‍ അന്താരാഷ്ട്ര ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. മന്ത്രിസഭാ രൂപീകരണവുമായി ചര്‍ച്ചകള്‍ ആരംഭിച്ച ഘട്ടം മുതലെ കെകെ ശൈലജയെ ആരോഗ്യവകുപ്പ് മന്ത്രിസ്ഥാനം ഏല്‍പ്പിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിരുന്നു.

കെ. കെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാരുടെ പട്ടിക അവതരിപ്പിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top