News Desk

2021-05-29 11:41:57 am IST
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പണം കടത്തിയെന്ന് പരാതി. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. റോഡിലെ പരിശോധന ഒഴിവാക്കാന്‍ പണം കടത്താന്‍ സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്ന് പരാതിയില്‍ പറയുന്നു.

കര്‍ണാടകയില്‍ നിന്ന് പണം ചെക്ക്‌പോസ്റ്റ് വഴി കൊണ്ടുവന്നാല്‍ ഇടത് സര്‍ക്കാറിന്റെ പൊലീസ് പിടികൂടും. മറ്റ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി പ്രതിപക്ഷ എം.എല്‍.എമാരെയും എം.പിമാരെയും വിലക്കെടുക്കുന്ന പ്രവണതയാണ് കണ്ടുവന്നിട്ടുള്ളത്. കേരളത്തില്‍ അത് ഒരിക്കലും സാധ്യമാകാത്ത സ്ഥിതിക്ക് വോട്ടര്‍മാരെ വിലക്ക് എടുക്കുന്നതിന് വേണ്ടി ബി.ജെ.പി പണം ഉപയോഗിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി പണമിടപാടിലൂടെ ഉദ്ദേശിച്ചത്. സര്‍ക്കാറിനെതിരായ ഗൂഢാലോചനയും സര്‍ക്കാറിനെ അട്ടിമറിച്ച് ഭരണം പിടിക്കാനുള്ള നീക്കവുമാണ് ഈ പണമിടപാടിലൂടെ ബി.ജെ.പി നടത്തിയത്. അതിനാല്‍ സര്‍ക്കാറിനെതിരെയുള്ള ഗൂഢാലോചനക്ക് കേസ് എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അനധികൃത സാമ്പത്തിക ഇടപാടില്‍ സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ ശബ്ദ സന്ദേശത്തില്‍ അന്വേഷണം വേണമെന്ന് ഐസക് വര്‍ഗീസ് നേരത്തെ പരാതി നല്‍കിയിരുന്നു. കൊടകര കള്ളപ്പണ കേസിന് ഇതുമായി ബന്ധമുണ്ടോയെന്ന് അന്വേഷണിക്കണമെന്ന് പുതിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. അന്വേഷണം സര്‍ക്കാര്‍ വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും ഐസക് വര്‍ഗീസ് വ്യക്തമാക്കി.

അതേസമയം, കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. കുഴല്‍പ്പണ കവര്‍ച്ചാ സംഘത്തിന് തൃശ്ശൂരില്‍ താമസ സൗകര്യമൊരുക്കി നല്‍കിയത് തൃശ്ശൂര്‍ ജില്ലാ നേതൃത്വമാണെന്ന് മുറി ബുക്ക് ചെയ്ത ഹോട്ടലിലെ ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ

Top