News Desk

2020-08-04 11:28:46 pm IST


കലാഭവന്‍ മണിയുടെ അപൂര്‍വമായ അഭിമുഖം പുറത്ത്. 1992-ല്‍ കലാഭവന്‍ ട്രൂപ്പിന്റെ ഗള്‍ഫ് പര്യടന വേളയില്‍ ഖത്തറില്‍ വെച്ച് കലാഭവന്‍ മണിയുമായി നടത്തിയ അഭിമുഖമാണ് പുറത്തിറങ്ങിയത്. മണിയുടെ കലാജീവിതത്തിലെ ആദ്യ അഭിമുഖം ഇതാണെന്നാണ് കരുതപ്പെടുന്നത്. 

എ.വി.എം ഉണ്ണി ആര്‍ക്കൈവ്‌സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം പുറത്തിറക്കിയത്. കലാഭവനില്‍ വന്നതിന് ശേഷമാണ് ജീവിതത്തില്‍ അഭിമാനം തോന്നിയതെന്നും ആളുകള്‍ വില നല്‍കിയതെന്നും മണി അഭിമുഖത്തില്‍ പറയുന്നു. 

മിമിക്രി കലാപ്രകടനം ആളുകള്‍ കരുതും പോലെ എളുപ്പമല്ല, ബുദ്ധിമുട്ടാണെന്നും ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണെന്നും കലാഭവന്‍ മണി അഭിമുഖത്തില്‍ പറഞ്ഞു. 1984 മുതല്‍ ഖത്തറിലെ കലാമേഖയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ പാവറട്ടി സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന എ.വി.എം ഉണ്ണിയാണ് അഭിമുഖം സംഘടിപ്പിച്ചത്.

അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ എ.വി.എം ഉണ്ണി ഇതിനോടകം നിരവധി സിനിമാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ അഭിമുഖങ്ങള്‍ നടത്തി ശ്രദ്ധേയനാണ്. വീഡിയോ ക്യാമറ പ്രശസ്തമല്ലാത്ത 1980-കള്‍ മുതല്‍ തന്നെ എ.വി.എം ഉണ്ണി ഛായാഗ്രഹണമേഖലയില്‍ പ്രവര്‍ത്തിക്കുകയും മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 

വൈകാതെ തന്നെ മറ്റു പ്രശസ്തരായ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ അഭിമുഖങ്ങളും വീഡിയോകളും ചാനല്‍ വഴി പുറത്തിറക്കുമെന്ന് എ.വി.എം ഉണ്ണിയുടെ മകനും ഛായാഗ്രഹകനുമായ ലുഖ്മാനുല്‍ ഹക്കീം അറിയിച്ചു.


Top