News Desk

2021-03-11 02:24:41 pm IST

ചെന്നൈ: തമിഴ്നാട്ടില്‍ എസ്.ഡി.പി.ഐ കമല്‍ ഹാസന്റെ മുന്നണിയില്‍. കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം (എം.എന്‍.എം) നേതൃത്വം നല്‍കുന്ന മുന്നണിയിലായിരിക്കും എസ്.ഡി.പി.ഐ മത്സരിക്കുക. ഇരുകക്ഷികളും തമ്മിലുള്ള സഖ്യചര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എസ്.ഡി.പി.ഐ 18 സീറ്റുകളിലായിരിക്കും മത്സരിക്കുക. കമല്‍ ഹാസനും എസ്.ഡി.പി.ഐ നേതാവ് ദെഹ്ലാന്‍ ബാഖവിയും തമ്മിലുള്ള ചര്‍ച്ചക്കു ശേഷമാണ് ഇരുകക്ഷികളും സഖ്യത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചത്. 25 സീറ്റുകള്‍ നല്‍കണമെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആവശ്യമെങ്കിലും 18 സീറ്റാണ് എം.എന്‍.എം നല്‍കിയത്. 

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്റെ എ.എം.എം.കെയുമായി സഖ്യത്തിലായിരുന്ന എസ്.ഡി.പി.ഐ ചെന്നൈ സെന്‍ട്രലില്‍ മത്സരിച്ചിരുന്നു. ഡി.എം.കെയുടെ ദയാനിധി മാരന്‍ ജയിച്ച മണ്ഡലത്തില്‍ 23,741 വോട്ടുകളാണ് എസ്.ഡി.പി.ഐക്ക് നേടാന്‍ കഴിഞ്ഞത്. 

ഇത്തവണ എ.എം.എം.കെ അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനുമായി എ.എം.എം.കെ സഖ്യത്തിലെത്തിയതോടെയാണ് എസ്.ഡി.പി.ഐ മുന്നണി വിട്ടത്.

234 അംഗ തമിഴ്നാട് അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 154 സീറ്റിലാണ് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം മത്സരിക്കുന്നത്. 70 പേരടങ്ങുന്ന ആദ്യ ലിസ്റ്റ് കമല്‍ പുറത്തുവിട്ടു. രാഷ്ട്രീയം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണെന്ന മാര്‍ക് ട്വയിന്റെ വാക്കുകള്‍ തിരുത്താനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഡി.എം.കെയും അണ്ണാ ഡി.എം.കെയും പരസ്പരം ചെളിവാരിയെറിയുന്ന കക്ഷികളായി മാറിക്കഴിഞ്ഞെന്നും കമല്‍ പറഞ്ഞു.

നടന്‍ ശരത് കുമാറിന്റെ ആള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചി (എ.ഐ.എസ്.എം.കെ), വിദ്യാഭ്യാസ വിദഗ്ധന്‍ ടി.ആര്‍ പച്ചമുത്തു സ്ഥാപിച്ച ഇന്ത്യാ ജനനായക കച്ചി (ഐ.ജെ.കെ) എന്നിവയും കമല്‍ ഹാസനുമായി ഇത്തവണ സഖ്യത്തിലുണ്ട്. ഇരുകക്ഷികള്‍ക്കും 40 വീതം സീറ്റുകള്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top