News Desk

2021-02-18 04:48:27 pm IST

മസ്‌ക്കത്ത്: ഒമാനിലെ മുതിര്‍ന്ന ബിസിനസുകാരനും ഖിംജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായിരുന്ന കനക്‌സി ഗോഖല്‍ദാസ് ഖിംജി (85) നിര്യാതനായി. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കാരണവര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധേയ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. 

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഖിംജി ഗ്രൂപ്പിനെ നയിക്കുന്നത് ഇദ്ദേഹമാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഒമാന്‍ പൗരത്വവും ശൈഖ് പദവിയും നല്‍കിയിരുന്നു. ലോകത്തിലെ ഏക ഹിന്ദു മത വിശ്വാസിയായ ശൈഖ് എന്ന വിശേഷണത്തിനും അര്‍ഹനാണ് ഇദ്ദേഹം.

1936-ല്‍ മസ്‌കത്തിലാണ് കനക്‌സി ഖിംജി ജനിച്ചത്. മുംബൈയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1970-ലാണ് 144 വര്‍ഷത്തോളം പഴക്കമുള്ള കുടുംബ ബിസിനസിന്റെ നേതൃ സ്ഥാനം ഏറ്റെടുത്തത്. കനക്‌സി ഖിംജിയുടെ നേതൃത്വത്തിലാണ് ഖിംജി ഗ്രൂപ്പ് ബിസിനസ് വൈവിധ്യവല്‍ക്കരണത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത്. 

കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍, ലൈഫ്‌സ്‌റ്റൈല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രൊജക്ട്‌സ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലായി ഖിംജി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. നാനൂറിലധികം ആഗോള ബ്രാന്‍ഡുകളുടെ ഒമാനിലെ വിപണന പങ്കാളിയുമാണ് ഗ്രൂപ്പ്. ഒമാനിലെ ആദ്യ ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപിച്ചത് ഇദ്ദേഹമാണ്. 

കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഇന്നത്തെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ആദ്യ രൂപമായ ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍ സ്ഥാപിക്കാനും ഇദ്ദേഹം മുന്‍കൈയെടുത്തു. ഗള്‍ഫ് മേഖലയില്‍ നിന്ന് ആദ്യത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ലഭിച്ചതും കനക്‌സിക്കാണ്. ഒമാന്‍ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപക ചെയര്‍മാനാണ്. 

ഉഭയകക്ഷി സഹകരണത്തിന് വലിയ പങ്കാളിത്തം വഹിച്ച വ്യക്തിയായിരുന്നു ശൈഖ് കനക്‌സി ഖിംജിയെന്ന് ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ അനുസ്മരിച്ചു. ആദര സൂചകമായി ഇന്ത്യന്‍ സ്‌കൂളുകള്‍ വ്യാഴാഴ്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top