News Desk

2021-02-16 03:19:34 pm IST

പട്ന: രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് സി.പി.ഐ യുവ നേതാവ് കനയ്യ കുമാര്‍ എന്‍.ഡി.എയിലേക്കെന്ന് സൂചന. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിറകെയാണ് അഭ്യൂഹങ്ങള്‍ കൊഴുക്കുന്നത്.

ജെ.എന്‍.യു മുന്‍വിദ്യാര്‍ഥി നേതാവായിരുന്ന കനയ്യ അടുത്തിടെ നിതീഷുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത് രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രധാന കൂടിക്കാഴ്ച. ചൗധരിയുടെ പട്നയിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. 

നിലവില്‍ സി.പി.ഐ കേന്ദ്ര നിര്‍വാഹക കൗണ്‍സില്‍ അംഗമാണ് കനയ്യ കുമാര്‍. എന്നാല്‍ കുറച്ചുകാലമായി സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലാണ് കനയ്യ. ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം കഴിഞ്ഞയാഴ്ച യുവനേതാവിനെതിരെ ശാസനാ പ്രമേയം അവതരിപ്പിച്ചിരുന്നു.

കനയ്യയുടെ അനുയായികള്‍ സി.പി.ഐ പട്ന ഓഫീസ് സെക്രട്ടറി ഇന്ദുഭൂഷണെ കൈയേറ്റം ചെയ്തതിന്റെ പേരിലായിരുന്നു നടപടി. യോഗത്തില്‍ പങ്കെടുത്ത 110 പ്രതിനിധികളില്‍ മൂന്നു പേരുടെ പിന്തുണ മാത്രമാണ് കനയ്യയ്ക്ക് കിട്ടിയിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബേഗുസരായ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു തോറ്റ കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനതാദള്‍-യു പ്രചാരണ തലവനായി പ്രവര്‍ത്തിച്ച ചൗധരി സംസ്ഥാനത്തെ ഏക ബി.എസ്.പി എം.എല്‍.എ സമ ഖാന്‍, സ്വതന്ത്ര അംഗം സുമിത് സിങ് എന്നിവരുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ പങ്കു വഹിച്ചയാളാണ്. ഇരുവരും കഴിഞ്ഞ ആഴ്ചയോടെ നിതീഷ് മന്ത്രിസഭയില്‍ അംഗങ്ങളായി. കനയ്യയെ കൂടി സഖ്യത്തിന്റെ ഭാഗമാക്കുകയാണോ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top