News Desk

2021-06-01 09:57:13 pm IST
കോഴിക്കോട്: മുസ്ലിങ്ങളോടുള്ള പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പാലോളി കമ്മീഷന്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി നല്‍കപ്പെട്ട ക്ഷേമപദ്ധതികള്‍ നൂറു ശതമാനവും മുസള്‍ക്ക് തന്നെ ലഭിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. 

കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ ക്ഷേമപദ്ധതി കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തില്‍ വെര്‍ച്വല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള നിര്‍ദേശങ്ങള്‍ നൂറുശതമാനവും മുസ്ലിംങ്ങളുടെ വികസനത്തിനു വേണ്ടി തന്നെ വിനിയോഗിക്കണം. 

അത് ന്യൂനപക്ഷങ്ങള്‍ എന്ന പൊതുകാറ്റഗറിയിലേക്കു പരിമിതപ്പെടുത്തിയതും 80:20 എന്ന അനുപാതത്തിലേക്കു ചുരുക്കിയതും നീതിപൂര്‍വമായിരുന്നില്ല. ഇപ്പോള്‍ കോടതി നിര്‍ദ്ദേശിച്ച ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാ പ്രകാരം ആനുപാതിക വിഭജനമെന്നത്, പാലോളി കമ്മറ്റി നിര്‍ദേശങ്ങളുടെ മെറിറ്റിനെ തന്നെ ഇല്ലാതാക്കുന്നു. വിഷയത്തെ സാമുദായിക ധ്രുവീകരണത്തിനുള്ള ഉപാധിയാക്കി മാറ്റാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പാലോളി കമ്മിറ്റിക്ക് രൂപം നല്‍കുകയും, അത് പ്രകാരം റിപ്പോര്‍ട്ട് നടപ്പിലാക്കുകയും ചെയ്തത് അന്നത്തെ ഇടതു സര്‍ക്കാരായിരുന്നുവെന്നും, അതിന്റെ നിര്‍ദേശങ്ങള്‍ വഴി വന്ന മുസ്‌ലിംകള്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ ഇവ്വിധം വിഭജിക്കപ്പെടുന്നത് ഗൗരവതരമാണ് എന്നും തുടര്‍ന്ന് സംസാരിച്ച എളമരം കരീം എം.പി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചത്, പ്രശ്നം പൂര്‍ണ്ണമായി പഠിച്ചു ഉചിതമായ തീരുമാനം എടുക്കുമെന്നാണ് . അത് അര്‍ത്ഥപൂര്‍ണ്ണവും, മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷം എന്ന പൊതുനാമധേയത്തിലേക്കു 2011 ഫെബ്രുവരിയിലെ ഓര്‍ഡര്‍ നല്‍കിയതാണ് ഇതിലെ മുഖ്യപ്രശനമെന്നും,അതിനാല്‍ സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ക്ഷേമനിധികള്‍ എന്ന കൃത്യതയുള്ള വിവരണത്തിലേക്കു ഈ നിയമ ശീര്‍ഷകവും കണ്ടന്റും മാറ്റാനായി സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം.കെ മുനീര്‍ എം.എല്‍ എ ആവശ്യപ്പെട്ടു. അതിനായി എല്ലാ മുസ്ലിം സംഘടനകളും സംയുക്ത ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ടിനെ ഗൗരവപൂര്‍വം കണ്ടതുകൊണ്ടാണ് പാലോളി കമ്മീഷന്‍ നിയമിക്കാനും അത് പ്രകാരം നിയമം കൊണ്ടുവരാനും അക്കാലത്തെ ഇടതുസര്‍ക്കാര്‍ തയ്യാറായതെന്ന് മുന്‍മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. അതിനാല്‍, നിലവില്‍ മുസ്ലിം അവകാശം സംരക്ഷിക്കുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിംങ്ങള്‍ക്ക് വേണ്ടിയുള്ള നിയമം ന്യൂനപക്ഷമെന്ന പൊതുകാറ്റഗറിയിലേക്ക് മാറ്റാന്‍, ഓര്‍ഡറില്‍ പരാമര്‍ശിച്ച ന്യായം ന്യൂന പക്ഷ സംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ടുവെന്നതാണ്. അന്നാരും അങ്ങനൊരു വാദം കേട്ടിട്ടില്ല. അത്തരം ഒരു രീതി ഉണ്ടായിട്ടുണ്ടോ എന്നും, അതല്ല ബ്യൂറോക്രസിയുടെ അവിഹിത ഇടപെടലുകള്‍ ഇതിനു പിന്നില്‍ ഉണ്ടായോ എന്നും പരിശോധിക്കണമെന്ന് കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ക്ക് പൂര്‍ണ്ണമായും ഇതിന്റെ വിഹിതം ലഭിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയമവശങ്ങള്‍ പഠിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഉറച്ചു വിശ്വസിക്കുന്നതായി ആമുഖ പ്രഭാഷണം നടത്തിയ എന്‍ അലി അബ്ദുള്ള പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഗൂഢശ്രമങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സച്ചാര്‍കമ്മറ്റി നിര്‍ദേശ പ്രകാരമുള്ള ഒരു നിയമത്തില്‍ വിധി പുറപ്പെടുവിക്കുമ്പോള്‍ സര്‍ക്കാരിന്റെയും, മുസ്ലിം പ്രതിനിധികളുടെയും ഇവ്വിഷയത്തിലെ സമീപനം കോടതി ആരായണമായിരുന്നുവെന്നും, അല്ലായിരുന്നുവെങ്കില്‍ ഹരജിക്കാരന്‍ സര്‍ക്കാറിന് നല്‍കിയ നിവേദനത്തില്‍ ഒരു തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഹരജി തീര്‍പ്പാക്കാമായിരുന്നുവെന്നും അഡ്വ.പി.യു അലി അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രെട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ടി വി ഇബ്രാഹീം എം.എല്‍.എ, സി.മുഹമ്മദ് ഫൈസി,വണ്ടൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി, സി.പി സൈതല്ലവി മാസ്റ്റര്‍ പ്രസംഗിച്ചു. എ സൈഫുദ്ധീന്‍ ഹാജി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top