News Desk

2021-07-25 11:17:51 am IST
ഗാന്ധിനഗര്‍: കൊവിഡിന്റെ കാപ്പ വകഭേദം ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം. അഞ്ചുപേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജാംനഗറില്‍ മൂന്ന് കേസുകളും പഞ്ച്മഹല്‍ ജില്ലയിലെ ഗോദ്രയിലും മെഹ്‌സാനയിലുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

ഈ വര്‍ഷം മാര്‍ച്ചിനും ജൂണിനും ഇടയില്‍ കൊവിഡ് ബാധിതരായവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചതില്‍ നിന്നാണ് അഞ്ചുപേരില്‍ കാപ്പ വകഭേദം തിരിച്ചറിഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇരട്ട ജനതികവ്യതിയാനം സംഭവിച്ച കൊവിഡ് വകഭേദമാണ് ബി.1.1.167.1 എന്നറിയപ്പെടുന്ന കാപ്പ. ലോകാരോഗ്യ സംഘടന വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തിലാണണ് കാപ്പയെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മേയിലാണ് ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ 'കാപ്പ' എന്ന് നാമകരണം ചെയ്തത്. 

രണ്ട് വൈറല്‍ തരംഗങ്ങള്‍ അടങ്ങിയ ഈ വകഭേദത്തിലുള്ള ഇ484ക്യൂ മ്യൂട്ടേഷന്‍, ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും പടര്‍ന്ന് പിടിക്കുന്ന ഇ484 കെ മ്യൂട്ടേഷനുമായി സാമ്യമുള്ളതാണ്. ഇവയ്ക്ക് ജനിതകമാറ്റം വളരെ സ്വാഭാവികമായി ഉണ്ടാകുന്നതാണ്.അതേസമയം, കാപ്പ വകഭേദം സംബന്ധിച്ച് ആശങ്കവേണ്ടെന്ന് ഐ.സി.എം.ആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top