News Desk

2021-02-26 09:45:23 pm IST
കരിപ്പൂര്‍: ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ കണ്ണൂരിനെ മറികടന്ന് കോഴിക്കോട് വിമാനത്താവളം. കൊവിഡ് പശ്ചാത്തലത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ആഭ്യന്തര യാത്രക്കാരില്‍ കോഴിക്കോട് നേട്ടമുണ്ടാക്കിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ഏറെ മാസങ്ങള്‍ക്കുശേഷമാണ് കണ്ണൂരിനെക്കാളും കുറഞ്ഞ സര്‍വിസുകള്‍ നടത്തി കൂടുതല്‍ യാത്രക്കാരുമായി കരിപ്പൂര്‍ മുന്നിലെത്തിയത്. കൊവിഡിനുശേഷം ആദ്യമായി ഒരുമാസം ഒരുലക്ഷത്തിന് മുകളില്‍ അന്താരാഷ്ട്ര യാത്രക്കാരും കഴിഞ്ഞ ജനുവരിയില്‍ കരിപ്പൂര്‍ വഴി സഞ്ചരിച്ചു. രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ കരിപ്പൂര്‍ നാലാമതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചതോടെ സംസ്ഥാന സര്‍ക്കാറും കിയാലും നിരവധി ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്ന് ആഭ്യന്തര സര്‍വിസിലും യാത്രക്കാരുടെ എണ്ണത്തിലും കരിപ്പൂരിനെ മറികടന്നിരുന്നു. 2019ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വിമാന കമ്പനികളുടെ യോഗത്തിന്റെ അടിസ്ഥാനത്തില്‍ പുതുതായി 39 സര്‍വിസുകള്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് തുടങ്ങി. ഇവയില്‍ ഒന്നുപോലും കരിപ്പൂരിന് ലഭിച്ചിരുന്നില്ല. ഇത്തരത്തിലുള്ള പ്രതിസന്ധികളെ മറികടന്നാണ് കരിപ്പൂര്‍ ആഭ്യന്തര സര്‍വിസില്‍ നേട്ടമുണ്ടാക്കിയത്.

ജനുവരിയില്‍ കരിപ്പൂരില്‍ 456 സര്‍വിസുകളില്‍നിന്നായി 28,867 ആഭ്യന്തര യാത്രക്കാരാണ് ഉണ്ടായിരുന്നത്. കണ്ണൂരില്‍ ഇതേസമയം 507 സര്‍വിസുകള്‍ നടത്തിയിട്ടും 27,889 പേരാണ് യാത്ര ചെയ്തത്. ആഭ്യന്തര യാത്രക്കാര്‍ക്കൊപ്പം അന്താരാഷ്ട്ര സര്‍വിസിലും ജനുവരിയില്‍ കരിപ്പൂരിന് നേട്ടമുണ്ടാക്കാനായിട്ടുണ്ട്.

കരിപ്പൂരിന് മുന്നില്‍ ഡല്‍ഹി, മുംബൈ, കൊച്ചി വിമാനത്താവളങ്ങള്‍ മാത്രമാണുള്ളത്. 750 അന്താരാഷ്ട്ര സര്‍വിസുകളില്‍ നിന്നായി 1,11,139 പേരാണ് ജനുവരിയില്‍ കരിപ്പൂര്‍ വഴി സഞ്ചരിച്ചത്. കൊച്ചിയില്‍ 1009 സര്‍വിസില്‍ നിന്നായി 1,38,173 യാത്രക്കാര്‍, മുംബൈയില്‍ 2,642 സര്‍വിസില്‍ നിന്നായി 1,77,974 യാത്രക്കാരുമാണുണ്ടായിരുന്നത്. 4.44 ലക്ഷം യാത്രക്കാരുള്ള ഡല്‍ഹിയാണ് ഒന്നാമതെന്നും ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top