News Desk

2021-03-02 10:46:18 pm IST

ബെംഗളൂരു: കര്‍ണാടക സര്‍ക്കാറിന്റെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെ ജലവിഭവ മന്ത്രിക്കെതിരെ പീഡനാരോപണം. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രിയും ബി.ജെ.പി നേതാവുമായ രമേശ് ജാര്‍ക്കിഹോളി പലതവണയായി 25-കാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 

മനുഷ്യാവകാശ പ്രവര്‍ത്തകനായ ദിനേഷ് കാലഹള്ളിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ദൃശ്യങ്ങള്‍ സഹിതമാണ് പരാതി. വൈദ്യുതി വകുപ്പിന് കീഴിലുള്ള കെ.പി.ടി.സി.എല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം. 

പിന്നീട് ജോലി നല്‍കില്ലെന്ന് മന്ത്രി അറിയിച്ചതോടെയാണ് പെണ്‍കുട്ടിയും കുടുംബവും മനുഷ്യാവകാശപ്രവര്‍ത്തകനായ ദിനേഷ് കാലഹള്ളിയെ സമീപിച്ചത്. യുവതിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും യുവതി നേരിട്ടു പരാതി നല്‍കുമെന്നും ദിനേഷ് അറിയിച്ചു.

യുവതിക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രവും കിടപ്പറ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ വിഡിയോ, ഓഡിയോ ക്ലിപ്പുകള്‍ കമീഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദിനേശ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ രമേശ് ജാര്‍ക്കിഹോളി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സംഭവത്തിന് പിന്നാലെ ബി.ജെ.പി ഹൈകമാന്‍ഡ് രമേശ് ജാര്‍ക്കിഹോളിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിനെ താഴെയിറക്കാന്‍ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ നേതാവാണ് രമേശ് ജാര്‍ക്കിഹോളി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top