News Desk

2021-05-12 06:02:00 pm IST

കാസര്‍കോട്: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കാസര്‍കോട് ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം. ഓക്‌സിജന്‍ ആവശ്യമായ രോഗികളെ പല സ്വകാര്യ ആശുപത്രികളും ഇപ്പോള്‍ പ്രവേശിപ്പിക്കുന്നില്ല. ജില്ലയില്‍ ദിവസം 500-റോളം സിലിണ്ടറുകള്‍ ആവശ്യമാണ്. എന്നാല്‍ 200 സിലിണ്ടര്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

മംഗളുരുവില്‍ നിന്നുള്ള വിതരണം നിര്‍ത്തിയതോടെയാണ് കാസര്‍കോട് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത്. നിലവില്‍ കണ്ണുരില്‍ നിന്നാണ് ഓക്‌സിജന്‍ എത്തുന്നത്. ഈ വിതരണം കാസര്‍കോടുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടെ ആവശ്യത്തിന് തികയുന്നില്ല.

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും സിലണ്ടറുകള്‍ നല്‍കാനാവശ്യപ്പെട്ട് കലക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍, ഈ പോസ്റ്റിന് താഴെ പ്രതിഷേധ പ്രതികരണങ്ങളാണ് വരുന്നത്. 

സാമൂഹിക സാംസ്‌കാരിക വ്യാവസായിക സന്നദ്ധ സേവന രംഗത്തെ ആളുകളും കൂട്ടായ്മകളും ആരോഗ്യ - വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി-ടൈപ്പ് സിലിണ്ടറുകള്‍ ജില്ലയ്ക്കുവേണ്ടി സംഭാവന ചെയ്ത് ജില്ലയുടെ സിലിണ്ടര്‍ ചലഞ്ചില്‍ പങ്കാളികളാവണം എന്നാണ് ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന.

ഈ പോസ്റ്റിനു താഴെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയത്. കൊവിഡ് ഒന്നാം വരവില്‍ തന്നെ ജില്ലയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടാന്‍ പര്യാപതമല്ലെന്ന് മനസിലാക്കിയിട്ടും രണ്ടാം വരവ് നേരിടാന്‍ യാതൊരു മുന്നൊരുക്കവും നടത്തിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. 

കഴിഞ്ഞ പ്രാവശ്യം കൊട്ടിഘോഷിച്ച് തുറന്നുകൊടുത്ത മെഡിക്കല്‍ കോളജിന്റെയും ടാറ്റാ കൊവിഡ് ആശുപത്രിയുടെയും ഇന്നത്തെ അവസ്ഥയും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഓക്‌സിജന്‍ സിലണ്ടര്‍ ചലഞ്ചില്‍ പങ്കെടുത്ത് നിരവധി പേര്‍ സിലിണ്ടറുകള്‍ നല്‍കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top