News Desk

2021-02-11 08:21:25 pm IST
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാരിനോടുള്ള താല്‍പര്യം കുറയുന്നുവെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായിരുന്ന മാര്‍ക്കണ്ഡേയ കട്ജു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കിയതിന് പിന്നാലെയാണ് കട്ജുവിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് കട്ജു ഇക്കാര്യം പറഞ്ഞത്.

അമേരിക്കയിലെയും മറ്റ് വിദേശ രാജ്യങ്ങളിലേയും പ്രവാസികളുമായി കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിച്ചിരുന്നു. ഇന്ത്യയിലെ കര്‍ഷക സമരം തുടങ്ങുന്നത് ആറ് മാസം മുമ്പ് വരെ ഇന്ത്യയിലെ ബി.ജെ.പി ഭരണത്തെ അന്ധമായി വിശ്വസിച്ചിരുന്നവരാണ് പ്രവാസികളില്‍ പലരും ( അധികം പേരും ഹിന്ദുക്കളാണ്). എന്നാല്‍ ഇപ്പോള്‍ ആ വിശ്വാസം കാര്യമായി കുറഞ്ഞുവരികയാണെന്നാണ് പലരും എന്നോട് പറഞ്ഞത്, കട്ജു പറഞ്ഞു.

കര്‍ഷക സമരം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആഗോള തലത്തിലുണ്ടായിരുന്ന പേര് തന്നെ ഇല്ലാതാക്കിയെന്നും പതിയെ ബി.ജെ.പി വിരുദ്ധ വികാരം ഭൂരിഭാഗം പ്രവാസികളിലും വ്യാപിക്കുകയാണെന്നും കട്ജു ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ കര്‍ഷക സമരം ശക്തമാകുന്നതിന് മുമ്പ് അമേരിക്കയിലെയും മറ്റ് പാശ്ചാത്യ ലോകങ്ങളിലേയും പ്രവാസികള്‍ ബി.ജെ.പിയെ വലിയ ആരാധനയോടെ കണ്ടിരുന്നു. എന്നാല്‍ സമരത്തിന് ശേഷം ഇതില്‍ വിള്ളലുണ്ടായി. ചിലര്‍ ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കുന്നതിനെപ്പറ്റി പുനരാലോചന നടത്തുന്നു. മറ്റ് ചിലര്‍ ഇപ്പോഴും അന്ധമായി വിശ്വസിക്കുന്നു. ഗുജറാത്തില്‍ നിന്നുള്ള പ്രവാസികള്‍ ഇപ്പോഴും കടുത്ത മോദി ഭക്തരാണ്. എന്നാല്‍ ഗുജറാത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ പ്രവാസികളുടെ ചിന്താഗതിയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഭൂരിഭാഗം പേരും നിശബ്ദരാണ്. മുമ്പ് മോദിയ്ക്കും ബി.ജെ.പിയ്ക്കും പരസ്യമായ പിന്തുണ നല്‍കിയ പ്രവാസികളില്‍ പലരും ഇപ്പോള്‍ തങ്ങളുടെ പക്ഷം ഏതാണെന്ന് പോലും വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ല. ബി.ജെ.പിയ്ക്ക് പരസ്യ പിന്തുണയും നല്‍കുന്നില്ല', കട്ജു ഫേസ്ബുക്കിലെഴുതി.

പഞ്ചാബ്, ഹരിയാന, യു.പിയിലെ പടിഞ്ഞാറന്‍പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ബി.ജെ.പിയ്ക്കെതിരെയുള്ള തങ്ങളുടെ എതിര്‍പ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും കട്ജു ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. ആറ് ലക്ഷത്തില്‍ അധികം പൗരന്മാരാണ് 2015 മുതല്‍ 2019വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചത്. ചൊവ്വാഴ്ച ലോക്‌സഭയിലാണ് കണക്ക് പുറത്തുവിട്ടത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top