Sandra Acharya

2021-10-20 05:37:15 pm IST
നടുക്കുന്ന സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളക്കരയാകെ സാക്ഷ്യം വഹിക്കുന്നത്. 2018 ലുണ്ടായ ആദ്യ പ്രളയം മുതല്‍, തുടര്‍ന്നിങ്ങോട്ട് നാലു വര്‍ഷമായി തുടരെയുള്ള പ്രകൃതി ക്ഷോഭങ്ങളും ദുരന്തങ്ങളും ഒന്നടങ്കം കേരളത്തെ വേട്ടയാടുകയാണ്. ഇത്തവണത്തെ മഴക്കെടുതിയില്‍ ഇതുവരെ 27 പേരുടെ ജീവനാണ് പൊലിഞ്ഞത്. ദുരന്തം ഏറ്റവും അധികം ബാധിച്ചത് ഇടുക്കി, കോട്ടയം ജില്ലകളെയാണ്. ഇപ്പോഴും മരണപ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. കേരളം കണ്ട ഭീതി ജനകമായ ഈ ദുരന്തങ്ങള്‍ക്ക് പിന്നില്‍ പ്രകൃതിയോ അതോ മനുഷ്യരോ എന്ന ചോദ്യം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തോളം കേരളത്തില്‍ സംഹാര താണ്ഡവമാടുന്ന മഴയ്ക്കും പ്രകൃതി ക്ഷോഭത്തിനും പിന്നിലുള്ള കാരണം ഇഴകീറി പരിശോധിക്കേണ്ടതും അനിവാര്യമായിരിക്കുകയാണ്. ഇക്കാലത്തിനിടയില്‍ മഴയനുബന്ധ ദുരന്തത്തില്‍ മാത്രം അഞ്ഞൂറോളം പേരാണ് മരണപ്പെട്ടത് എന്ന വസ്തുത വിഷയത്തെ ഏറെ ഗൗരവമുള്ളതാക്കുന്നു. 

കാലത്തിനൊത്തായിരുന്നു ഇതുവരെ മലയാളികളുടെ ജീവിതം. എന്നാല്‍ അധികമൊന്നും ആയില്ല, കാലം തെറ്റിയുള്ള ചില സൂചനകള്‍ പ്രകൃതി പ്രകടമാക്കിയിട്ട്. വടക്കേ ഇന്ത്യയില്‍ മാത്രം കേട്ടു പരിചയമുള്ള ' മേഘവിസ്‌ഫോടനം' പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ കേരളത്തെയും ദുരന്ത ഭൂമിയാക്കുന്ന, അത്യന്തം വേദനാജനകായ കാഴ്ചയാണ് അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് അങ്ങേയറ്റം ഗൗരവമുള്ള വിഷയമാണ്. എന്നാല്‍ കേരളത്തില്‍ ഇത്തവണ സംഭവിച്ചത് മേഘവിസ്‌ഫോടനം ആണെന്നും അല്ലെന്നുമുള്ള വാദമുഖങ്ങള്‍ കേരളത്തിലെയും കേന്ദ്രത്തിലെയും കാലാവസ്ഥാ നിരീക്ഷകരും ശാസ്ത്രഞ്ജരും ഉന്നയിക്കുന്നുണ്ട്. പക്ഷെ 2019-ല്‍ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലിനു കാരണമായത് മേഘവിസ്‌ഫോടനമാണെന്ന് തന്നെയാണ് ഇരുകൂട്ടരും അടിവരയിടുന്നത്.

2018-ല്‍ കേരളം അഭിമുഖീകരിച്ച പ്രളയത്തെക്കാള്‍ ഭീഷണി ഉയര്‍ത്തുന്നത് 2019ലും 2021ലും ഉണ്ടായ പോലത്തെ മഴയാണ്. കാരണം ഈ ഘട്ടങ്ങളിലെല്ലാം പെയ്തത് അതിതീവ്ര മഴയായിരുന്നു. ഒരു ദിവസം 24 സെന്റീമീറ്ററിന് മുകളില്‍ മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. അതിതീവ്രമഴയെന്ന് പറയുമ്പോഴും മഴ എപ്പോള്‍ ലഭിക്കുന്നു എന്നുളളത് പ്രധാനമാണ്. ഈ 24 സെന്റീമീറ്റര്‍ മഴ ഒരു മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ വെച്ച് ലഭിക്കുകയാണെങ്കില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ 24 സെന്റീമീറ്റര്‍ മഴ ഒന്നുരണ്ടുമണിക്കൂറിലേക്ക് കേന്ദ്രീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ അത് വലിയ ഭീഷണിയാണ്. കേരളം പോലുളള അതീവ പരിസ്ഥിതി ലോല പ്രദേശത്തും മലഞ്ചെരിവുകളിലുമെല്ലാം ഇത് വന്‍നാശമാണ് ഉണ്ടാക്കുക. കേരളത്തില്‍ ഡിസംബര്‍ വരെ ലഭിക്കേണ്ട തുലാ വര്‍ഷ മഴയുടെ 84 ശതമാനവും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതും ചെറുതല്ലാത്ത ഒരു ആശങ്കയുണ്ടാക്കുന്നുണ്ട്.

അതേസമയം, ഒരു മണിക്കൂറില്‍ 10 സെന്റീമീറ്റര്‍ മഴ ലഭിക്കുന്നതിനെയാണ് മേഘവിസ്ഫോടനം എന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് പറയുന്നത്. പക്ഷേ ഇങ്ങനെയുളള മഴ കൂടുതലായും ഹിമാലയന്‍ ഫൂട്ഹില്‍സിലും മധ്യഇന്ത്യയിലുമാണ് കാണുന്നത്. കേരള ചരിത്രത്തില്‍ അടുത്തകാലത്തൊന്നും മണിക്കൂറില്‍ 10 സെന്റീമീറ്റര്‍ പെയ്യുന്ന മഴ ലഭിച്ചിട്ടില്ല. എന്നാല്‍ അതിനേക്കാള്‍ കുറച്ചുകൂടി തീവ്രത കുറഞ്ഞ രണ്ടുമണിക്കൂറില്‍ അഞ്ചുസെന്റീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന ലഘുമേഘവിസ്ഫോടനം ഉണ്ടായത് കേരളത്തെ സംബന്ധിച്ച് വലിയ ഭീഷണിയാണ്.  

കഴിഞ്ഞ ശനിയാഴ്ച കേരളം മുഴുവന്‍ മേഘാവൃതമായിരുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുളള ജില്ലകളില്‍ മേഘക്കെട്ടുകള്‍ പ്രകടമായിരുന്നു. പക്ഷേ മഴ പെയ്തതാവട്ടെ പ്രത്യേക മേഖല കേന്ദ്രീകരിച്ചാണ്. മഴയുടെ വലിയൊരു ഭാഗം പെയ്തിറങ്ങിയത് മൂന്നു മണിക്കൂറിനിടയിലാണ്. ഇത് സംസ്ഥാത്ത് മേഘവിസ്‌ഫോടനം നടന്നുവെന്ന വാദത്തെ ബലപ്പെടുത്തുന്നുമുണ്ട്. ഈ വാദംതന്നെയാണ്, മുണ്ടക്കയത്ത് പെയ്തിറങ്ങിയ 347 മില്ലി ലിറ്റര്‍ മഴയുടെ പശ്ചാത്തലത്തെ,  മേഘവിസ്‌ഫോടനമെന്ന അനുമാനത്തിലെത്താന്‍ സംസ്ഥാന കാലാവസ്ഥാ നീരീക്ഷകരെ പ്രേരിപ്പിക്കുന്നതും. എന്നാല്‍ കേരളത്തില്‍ മേഘവിസ്ഫോടനം ഉണ്ടായിട്ടില്ലെന്നും അതിശക്തമായ മഴക്ക് കാരണം അതല്ലെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ മൃത്യുഞ്ജയ മോഹപത്ര പറയുന്നത്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് തീവ്രമഴക്ക് കാരണമായതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. 

കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഒക്ടോബര്‍ 20 മുതല്‍ പരക്കെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുളള അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ ഇടുക്കി അണക്കെട്ടും തുറക്കേണ്ടി വന്നേക്കുമെന്നാണ് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചത്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.  

ഇതിനിടെ കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരെ അതിരൂക്ഷവിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ് ഗാഡ്ഗില്‍ രംഗത്തെത്തിയിരുന്നു. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ആ റിപ്പോര്‍ട്ട് അട്ടിമറിക്കുകയായിരുന്നുവെന്നുമാണ് മാധവ് ഗാഡ്ഗില്‍ ആരോപിക്കുന്നത്. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേര്‍ന്നാണ് കേരളത്തെ ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും മാധവ് ഗാഡ്ഗില്‍ പറയുന്നു. പശ്ചിമഘട്ടസംരക്ഷിച്ചില്ലെങ്കില്‍ ഇനിയും പലതരം ദുരന്തങ്ങള്‍ക്ക് കേരളം സാക്ഷിയാവുമെന്നും മാധവ് ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

പ്രകൃതി ചൂഷണമാണോ അതോ പശ്ചിമഘട്ട സംരക്ഷണത്തില്‍ വന്ന പാളിച്ചകളാണോ ഇനി മറ്റെന്തെങ്കിലും കാരണങ്ങളാണോ കേരളത്തിന്റെ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് കാരണമെന്ന് സര്‍ക്കാരുകള്‍ വിശദമായി തന്നെ പഠിക്കേണ്ടതുണ്ട്. എന്തായാലും ഇനിയൊരു മഹാദുരന്തത്തില്‍ നിന്നും കേരളത്തെ താങ്ങി നിര്‍ത്തുന്നതിന് എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ അതിന് അധികം സമയമില്ലെന്നത് തന്നെയാണ് സത്യാവസ്ഥ.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top