News Desk

2021-04-05 09:35:04 pm IST

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ വാശിയേറിയ പോരാട്ടം നടക്കുന്ന ഒരു മണ്ഡലമാണ് തൃത്താല. അതുകൊണ്ട് തന്നെ ഈ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും വാര്‍ത്തയാകുന്നുണ്ട്. മണ്ഡലത്തിലെ നിലവിലെ എം.എല്‍.എ വി.ടി. ബല്‍റാമും ബല്‍റാമിനെ നേരിടുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥി എം.ബി രാജേഷും നേര്‍ക്കുനേര്‍ വന്ന വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് എന്ന സ്ഥലത്ത് കുടിവെള്ളമില്ല എന്ന് വ്യക്തമാക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി. രാജേഷിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഈ വീഡിയോ വ്യാജമാണെന്ന വാദവുമായി മറുവീഡിയോ ചെയ്ത് വി.ടി ബല്‍റാമും രംഗത്തെത്തി. 

കുടിവെള്ള പ്രതിസന്ധിയിലാണ് നാട് എന്ന് വ്യക്തമാക്കാന്‍ ഒരു വീടിന് മുന്നിലെ പൈപ്പ് തുറന്ന് അതില്‍ നിന്നും വായുമാത്രമാണ് വരുന്നത് എന്നായിരുന്നു എം.ബി രാജേഷിന്റെ വിഡിയോ. 


ഇതു ശ്രദ്ധയില്‍പ്പെട്ട ബല്‍റാം ഇതേ സ്ഥലത്തെത്തി അവിടെ താമസിക്കുന്ന പ്രദേശവാസിയായ വയോധികയെ കൊണ്ട് തന്നെ പൈപ്പ് തുറപ്പിച്ചു. അതില്‍ നിന്നുള്ള വെള്ളം കൈകളില്‍ കോരിയെടുത്താണ് വ്യാജപ്രചാരണമെന്ന് ബല്‍റാം പറയുന്നത്. 

കുടിവെള്ള പ്രതിസന്ധിയുള്ള സ്ഥലത്ത് പൈപ്പ് ലൈന്‍ സ്ഥാപിച്ച് പ്രശ്‌നം പരിഹരിച്ചെന്നും ഇവിടെ 250 മീറ്റര്‍ ദൂരം കൂടി പൈപ്പിടാനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും ബല്‍റാം വിഡിയോയില്‍ പറയുന്നു. ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ബല്‍റാം പറയുന്നു. 

ഇരു വിഡിയോയും ഒരുമിച്ച് ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. ഇതിനോടനുബന്ധമായി വി.ടി ബല്‍റാം ഫേസ്ബുക്കില്‍ ട്രോള്‍ പോസ്റ്റ് ഇടുകയും ചെയ്തിരിക്കുകയാണ്. അതേസമയം, ആഴ്ചയില്‍ ഏതെങ്കിലുമൊരു ദിവസം മാത്രമേ ഇവിടെ കുടിവെള്ളം കിട്ടുന്നുള്ളൂ എന്ന വാദവുമായി ഇടത് പ്രൊഫൈലുകളും രംഗത്തുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top