News Desk

2020-06-29 05:27:45 pm IST
ദോഹ: മലപ്പുറം കവളപ്പാറയില്‍ വീട് നഷ്ടപ്പെട്ട പതിനഞ്ച് കുടുംബങ്ങള്‍ക്ക് 'സ്‌നേഹ ഗ്രാമം' പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ കൈമാറി. ഖത്തറിലെ നെക്‌സസ് കമ്പനി ചെയര്‍മാനും ഇന്ത്യന്‍ വ്യവസായിയുമായ അഹമ്മദ് ഇക്ബാല്‍ കുനിയില്‍ നല്‍കിയ ഒന്നര ഏക്കര്‍ സ്ഥലത്ത് ജ്യോതി ലാബ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ എം.പി. രാമചന്ദ്രനാണ് 15 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. 

പണി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം ഇന്നലെ രാവിലെ 11ന് മന്ത്രി കെ.ടി.ജലീലും ഗോപിനാഥ് മുതുകാടും ചേര്‍ന്ന് നിര്‍വഹിച്ചു.  

മഹാപ്രളയത്തില്‍ കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടിരുന്നു. പ്രളയത്തില്‍ എല്ലാം തകര്‍ന്ന് മരവിച്ച മനസ്സുമായി നിന്ന നാട്ടുകാര്‍ക്ക് മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഒരു മോട്ടിവേഷന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. 

പരിപാടിക്കിടെ നടത്തിയ അഭ്യര്‍ത്ഥനയിലാണ് അഹമ്മദ് ഇഖ്ബാല്‍ കുനിയില്‍ തന്റെ ഒന്നരയേക്കര്‍ സ്ഥലം ഭവനരഹിതരെ പുനരധിവസിപ്പിക്കാന്‍ വിട്ടു കൊടുക്കാന്‍ മുന്നോട്ടു വന്നത്. 

തുടര്‍ന്ന് എം.പി. രാമചന്ദ്രന്‍ വീടുകളുടെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുകയായിരുന്നു. അടുത്ത മഴക്കാലത്തിനു മുമ്പ് തന്നെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറും എന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇന്നലെ പൂര്‍ത്തിയായത്.

ഇലക്ട്രിസിറ്റി കണക്ഷനും സുലഭമായി വെള്ളം കിട്ടുന്ന കിണറും ഉള്‍പ്പടെ പൂര്‍ണമായും താമസയോഗ്യമായ തരത്തിലാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Top