News Desk

2021-05-17 03:13:32 pm IST

കോഴിക്കോട്: സി.പി.ഐ.എമ്മില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. 21 അംഗങ്ങളുള്ള മന്ത്രിസഭയായിരിക്കും രൂപീകരിക്കുകയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. 

18-ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കും. സി.പി.ഐ.എം 12, സി.പി.ഐ നാല്, ജനതാദള്‍ എസ് ഒന്ന്, കേരള കോണ്‍ഗ്രസ് എം ഒന്ന്, എന്‍.സി.പി ഒന്ന് എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന മന്ത്രിമാരുടെ എണ്ണം. പിന്നീടുള്ള രണ്ടു മന്ത്രി സ്ഥാനങ്ങള്‍ ഘടകക്ഷികള്‍ രണ്ടരവര്‍ഷം വീതം പങ്കിട്ടും. ജനാധിപത്യ കേരളകോണ്‍ഗ്രസും ഐ.എന്‍.എല്ലും ആദ്യ ടേമില്‍ മന്ത്രിമാരാകും. പിന്നീട് കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എസ് പാര്‍ട്ടി പ്രതിനിധികള്‍ മന്ത്രിമാരാകും.

സ്പീക്കര്‍ സ്ഥാനം സി.പി.ഐ.എമ്മിനായിരിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സി.പി.ഐയ്ക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിനും. വിജയത്തിനു സഹായിച്ച ജനങ്ങളോട് എല്‍.ഡി.എഫ് യോഗം നന്ദി അറിയിച്ചു. എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി ചേര്‍ന്ന ഇടതുമുന്നണി യോഗം കേക്കു മുറിച്ചാണ് ആഹ്ലാദം പങ്കുവച്ചത്.

ഐ.എന്‍.എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനെയും ആദ്യ ടേമില്‍ മന്ത്രിമാരാക്കാന്‍ എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറും കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമില്‍ മന്ത്രിമാരാകും.

ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു ലഭിക്കും. രണ്ടു മന്ത്രിമാരെ ചോദിച്ചിരുന്നെന്നും കൂടുതല്‍ ഘടകകക്ഷികളുള്ളതിനാല്‍ മുന്നണിയുടെ കെട്ടുറപ്പാണ് നോക്കിയതെന്നും തീരുമാനം അംഗീകരിക്കുന്നതായും ജോസ് കെ.മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ മന്ത്രിയെ സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍നിന്നു മന്ത്രിയാകാനാണു സാധ്യത. ചീഫ് വിപ്പ് പദവി ജയരാജിനു ലഭിക്കും.

ജനാധിപത്യ കേരള കോണ്‍ഗ്രസിനു ലഭിച്ച വലിയ അംഗീകാരമാണ് മന്ത്രിപദവിയെന്നു ആന്റണി രാജു പറഞ്ഞു. എന്‍.സി.പി മന്ത്രിയെ നാളെ പ്രഖ്യാപിക്കും. പ്രഫുല്‍ പട്ടേല്‍ നാളെ എത്തി നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും പ്രഖ്യാപനം. ജെ.ഡി.എസിന്റെ മന്ത്രിയെ ദേവെഗൗഡ പ്രഖ്യാപിക്കും. കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസുമാണ് പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാര്‍.

മുഖ്യമന്ത്രിയുടെ മരുമകന്‍ പി.എ മുഹമ്മദ് റിയാസും സി.പി.ഐ.എം മന്ത്രിമാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, കെ.എന്‍ ബാലഗോപാല്‍, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, പി. രാജീവ്, എം.ബി രാജേഷ്, കെ. രാധാകൃഷ്ണന്‍, പി. നന്ദകുമാര്‍, എം.വി ഗോവിന്ദന്‍ തുടങ്ങിയവരാണു സാധ്യതാ പട്ടികയിലുള്ളത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റും സി.പി.ഐയുടെ നേതൃയോഗങ്ങളും നാളെ ചേര്‍ന്ന് തുടര്‍ തീരുമാനങ്ങളെടുക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top