News Desk

2021-04-15 07:18:53 pm IST
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് ചീഫ് സെക്രട്ടറി വിപി ജോയ്.

എന്നാല്‍ പരിശോധന വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാഴ്ചയില്‍ സ്ഥിതി നിയന്ത്രണവിധേയമായേക്കുമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. പരിശോധന ക്യാമ്പെയിന്‍ ആരംഭിക്കും. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് മുന്‍ഗണന. ഇതുവരെ 50 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമാക്കി. പൊതുയോഗങ്ങള്‍ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങള്‍ ഓണ്‍ലൈന്‍ ആക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഹോം ഡെലിവറി കൂട്ടാന്‍ കടകള്‍ മുന്‍കൈ എടുക്കണം. ആളുകള്‍ സര്‍ക്കാരിനോട് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല. പക്ഷേ മുന്‍കൂറായി അറിയിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററുകള്‍, ബാറുകള്‍ എന്നിവയ്ക്കും രാത്രി ഒന്‍പത് മണിക്കുള്ളില്‍ അടക്കണം എന്ന വ്യവസ്ഥ ബാധകമാണ്.

അതേസമയം, ഒരു കോടി ഡോസ് വാക്‌സിന്‍ കൂടി സംസ്ഥാനത്ത് ആവശ്യമാണ്. ഇന്ന് രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കിട്ടും. 7,25,300 ഡോസ് വാക്‌സിന്‍ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. ഇത് മുഴുവന്‍ കൊടുത്ത് തീര്‍ക്കാനാണ് തീരുമാനമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top