News Desk

2021-03-31 04:38:31 pm IST
ദുബൈ: മഹ്‌സൂസിന്റെ 18-ാമത് പ്രതിവാര നറുക്കെടുപ്പില്‍ 20,00,000 ദിര്‍ഹം (ഏകദേശം നാലു കോടിയോളം ഇന്ത്യന്‍ രൂപ) നേടി പ്രവാസി മലയാളി. ഒമാനില്‍ താമസിക്കുന്ന കൊച്ചി സ്വദേശി ആന്റണി(39)ക്കാണ് ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന തത്സമയ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം ലഭിച്ചത്. 

കഴിഞ്ഞ 16 വര്‍ഷമായി ഒമാനില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ആന്റണി നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഒരേ ഒരാളായിരുന്നു. ഇതോടെ മഹ്‌സൂസിന്റെ ഈ വര്‍ഷത്തെ നാലാമത്തെ മില്യനയര്‍ കൂടിയായി അദ്ദേഹം മാറി.

മഹ്‌സൂസ് നറുക്കെടുപ്പുകളില്‍ സ്ഥിരമായി പങ്കെടുത്തിരുന്നയാളാണ് ആന്റണി. പക്ഷേ ഇത്ര വലിയ ഒരു വിജയം ഇതാദ്യമായാണെന്ന്  ആന്റണി പറയുന്നു. തനിക്ക് ലഭിച്ച സൗഭാഗ്യം ചുറ്റുമുള്ളവരിലേക്ക് കൂടി പങ്കുവെയ്ക്കാനാണ് ആന്റണിയുടെ തീരുമാനം.

കുറച്ച് ബാങ്ക് ലോണുകളുണ്ട്, അത് അടച്ചുതീര്‍ക്കണം. അതിന് ശേഷം നാട്ടിലുള്ളവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കണമെന്നും ആന്റണി പറയുന്നു. 

മാര്‍ച്ച് 20ന് നടന്ന 17-ാമത് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 10,00,000 ദിര്‍ഹത്തിന് ആരും അര്‍ഹരായിരുന്നില്ല. മഹ്സൂസിന്റെ നിയമപ്രകാരം ഈ തുക കൂടി കൂട്ടിച്ചേര്‍ത്താണ് മാര്‍ച്ച് 27ന് നടന്ന 18-ാമത് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം 20,00,000 ദിര്‍ഹമായി ഉയര്‍ത്തിയത്.

അതേസമയം, മഹ്‌സൂസ് നറുക്കെടുപ്പില്‍ 50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 ഏപ്രില്‍ മൂന്ന് ശനിയാഴ്ച യു.എ.ഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top