News Desk

2021-04-29 12:53:18 pm IST

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.

കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് കെ.ജി.എം.ഒ.എ ഇക്കാര്യം സൂചിപ്പിച്ചത്.

വായുവിലൂടെ തന്നെ വൈറസ് വ്യാപിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍ ആളുകള്‍ പുറത്തിറങ്ങുന്നത് വ്യാപനത്തോത് വര്‍ധിപ്പിക്കും. മാത്രവുമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ് നിലവില്‍ സംസ്ഥാനത്ത്. ഇത് അപായ സൂചനയാണ്. ഇത് രോഗികളുടെ വര്‍ധന ഇനിയും കൂടുമെന്ന സൂചനയാണ് നല്‍കുന്നത്. 

നേരത്തെ ഐ.എം.എ ലോക്ക്ഡൗണ്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സര്‍ക്കാര്‍ സംഘടനയായ കെ.ജി.എം.ഒ.എ തന്നെ ഇക്കാര്യം ഉന്നയിച്ചിരിക്കുകയാണ്. ഗുരുതര രോഗികളെ മാത്രമേ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യാവൂ എന്നും ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് സംസ്ഥാനത്തുണ്ടെന്നും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സര്‍ക്കാര്‍ മേഖലയിലെ ഐ.സി.യു ബെഡ്ഡുകളുടെ കണക്കുകള്‍ പ്രസിദ്ധീകരണമെന്നതുള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങളാണ് കെ.ജി.എം.ഒ.എ ഉന്നയിച്ചിരിക്കുന്നത്. അതേസമയം, അനിവാര്യമായ ഘട്ടത്തില്‍ അവസാനത്തെ ആയുധമായിട്ടായിരിക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

സംസ്ഥാനതല ലോക്ക്ഡൗണ്‍, മാനവവിഭവശേഷി ഉറപ്പാക്കുക, കൊവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് കൊവിഡ് ബ്രിഗേഡിനു പുറമെ ലഭിച്ചിരുന്ന ആയിരത്തോളം പുതിയ ഡോക്ടര്‍മാരുടെ സേവനം ഇപ്പോള്‍ ലഭ്യമല്ല. ഈ കുറവ് പരിഹരിക്കപ്പെടണം, ആരോഗ്യ വകുപ്പില്‍ നിന്ന് പി.ജി പഠനത്തിന് പോയ ഡോക്ടര്‍മാരെ, അത് പൂര്‍ത്തിയാകുന്ന തീയതിയില്‍ തന്നെ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കെ.ജി.എം.ഒ.എ സമര്‍പ്പിച്ചിട്ടുണ്ട്.

വീടുകളില്‍ ചികിത്സയിലുള്ള രോഗികളുടെയും നിരീക്ഷണത്തില്‍ ഉള്ളവരുടെയും എണ്ണം വലിയ തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലാതലത്തില്‍ അധിക ജീവനക്കാരെ നിയമിച്ചുകൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സ്ഥാപിക്കണം.

സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും വിവരങ്ങള്‍ ഏകീകരിച്ച് കേന്ദ്രീകൃതമായ ഒരു റിയല്‍ ടൈം മോഡല്‍ വികസിപ്പിക്കണം, വേഗത്തില്‍ കൊവിഡ് ടെസ്റ്റ് നടത്തി റിസള്‍ട്ട് ലഭ്യമാക്കാന്‍ കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിംഗ് കിറ്റുകള്‍ അടിയന്തരമായി ലഭ്യമാക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചാല്‍ അവരുടെ ചികിത്സക്കായി നിശ്ചിത ബെഡ്ഡുകള്‍ മാറ്റിവെക്കുകയും അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും വേണം. തുടങ്ങിയ നിര്‍ദേശങ്ങളും കെ.ജി.എം.ഒ.എ മുന്നോട്ടു വെച്ചിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top