News Desk

2021-02-02 10:40:58 pm IST

വയനാട്: പള്ളിയില്‍ നമസ്‌കരിക്കാനെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് പശ ഒഴിച്ച സംഭവത്തില്‍ വിശദീകരണമായി പ്രതി ചേര്‍ക്കപ്പെട്ട ഖത്തീബ് അബ്ദുല്‍ റഷീദ് ദാരിമി. താന്‍ അറസ്റ്റിലായെന്ന വാര്‍ത്ത ശരിയല്ലെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദാരിമി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. താനും മഹല്ല് പ്രസിഡന്റും തമ്മില്‍ ഒരുപ്രശ്‌നവുമുണ്ടായിട്ടില്ലെന്നും പിന്നെ എന്തിനാണ് ഈ വാര്‍ത്തയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

'കഴിഞ്ഞ ഡിസംബര്‍ 27-ന് ഞാനും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരും മദ്രസ വൃത്തിയാക്കുകയായിരുന്നു. അവിടുള്ള പൈപ്പ് പൊട്ടുകയും അത് നന്നാക്കാനായി ഞങ്ങള്‍ പശ വാങ്ങുകയും ചെയ്തിരുന്നു. പശ മുഴുവന്‍ തീര്‍ന്നതാണ്. അതിന്റെ പേരില്‍ ചില കുബുദ്ധികള്‍ ദുരുദ്ദേശത്താടെ എന്നെ കരുവാക്കുകയാണ്.'', ദാരിമി പറഞ്ഞു.

ചെരിപ്പിനകത്ത് സൂപ്പര്‍ ഗ്ലൂവിന് സമാനമായ പശ ഒഴിച്ചതിനെ തുടര്‍ന്ന് മഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ കാലുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ടാണ് പള്ളി ഖത്തീബ് അബ്ദുല്‍ റഷീദ് ദാരിമിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 324 വകുപ്പ് പ്രകാരം കേസെടുത്തത്. 

വ്യക്തിവിരോധത്തെ തുടര്‍ന്ന് ചെരിപ്പില്‍ പശ ഒഴിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ജനുവരി ഒന്നിന് വൈകീട്ട് മാനന്തവാടി എരുമത്തെരുവ് ഖിദ്മത്തുല്‍ ഇസ്‌ലാം പള്ളിയില്‍ മഗരിബ് നമസ്‌ക്കാരം നിര്‍വഹിക്കാനെത്തിയ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് പശ ഒഴിച്ചത്. 

കാല്‍ ചെരുപ്പില്‍ ഒട്ടിപ്പിടിച്ചതോടെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് ചെരുപ്പില്‍ നിന്നും കാല്‍ വേര്‍പ്പെടുത്താനായത്. പ്രമേഹ രോഗി കൂടിയായ സൂപ്പി ഹാജിയുടെ കാലിനടിയിലെ തൊലി ഇളകിപ്പോയിരുന്നു.

സംഭവത്തെ തുടര്‍ന്ന് മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top