News Desk

2021-04-01 05:09:41 pm IST
ശ്രീനഗര്‍: എട്ട് മാസമായി തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സ്വന്തം മകന്റെ മൃതദേഹം മണ്ണില്‍ തിരയുകയാണ് മന്‍സൂര്‍ അഹമ്മദ് വഗായ് എന്ന പിതാവ്. 

കരസേനയിലെ പട്ടാളക്കാരനായിരുന്നു മന്‍സൂര്‍ അഹമ്മദിന്റെ 25കാരനായ മകന്‍ ഷാക്കിര്‍ മന്‍സൂര്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് രണ്ടിനാണ് തീവ്രവാദികള്‍ ഷാക്കിറിനെ തട്ടിക്കൊണ്ടുപോയത്. 

പിന്നീട്, ഷാക്കിറിന്റെ രക്തത്തില്‍ കുളിച്ച വസ്ത്രങ്ങള്‍ മാത്രമാണ് തിരികെ ലഭിച്ചത്. വസ്ത്രം കണ്ടെത്തിയ സ്ഥലത്തും പരിസര പ്രദേശങ്ങളിലുമായാണ് മാസങ്ങളായി പിതാവ് തിരച്ചില്‍ നടത്തുന്നത്.

പെരുന്നാള്‍ ദിനത്തിലാണ് ഷാക്കിര്‍ അവസാനമായി വീട്ടിലെത്തിയതെന്ന് മന്‍സൂര്‍ ഓര്‍ക്കുന്നു. അന്ന് എല്ലാവരും ഒത്തുകൂടി ഭക്ഷണം കഴിച്ചു. അല്‍പസമയം കഴിഞ്ഞ് ഷാക്കിര്‍ വിളിച്ചു.

സുഹൃത്തുക്കളുമായി ഒരു സ്ഥലം വരെ പോവുകയാണെന്നും സേനയില്‍ നിന്ന് അന്വേഷിച്ചാല്‍ താന്‍ പോയതിനെ കുറിച്ച് പറയരുതെന്നും ഷാക്കിര്‍ പറഞ്ഞു. 

എന്നാല്‍, അപ്പോഴേക്കും അവനെ തീവ്രവാദികള്‍ പിടികൂടിക്കഴിഞ്ഞിരുന്നുവെന്ന് പിതാവ് പറയുന്നു. പിടികൂടിയവര്‍ അവനെ അവസാനമായി വീട്ടിലേക്ക് വിളിക്കാന്‍ അനുവദിക്കുകയായിരുന്നു.

ഷാക്കിര്‍ ഉപയോഗിച്ചിരുന്ന വാഹനം അടുത്ത ദിവസം രാവിലെ കുല്‍ഗാമില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരാഴ്ചക്ക് ശേഷം വീടിന് മൂന്ന് കിലോമീറ്റര്‍ അകലെ ലാധുര എന്ന സ്ഥലത്തുനിന്ന് ഷാക്കിറിന്റെ രക്തത്തില്‍ കുളിച്ച വസ്ത്രം കണ്ടെത്തി. ഷാക്കിറിന്റെ മൃതദേഹം എവിടെയെന്നതിനെ കുറിച്ച് ആര്‍ക്കും സൂചനയുണ്ടായിരുന്നില്ല.

അടുത്ത ദിവസം തന്റെ മരുമകള്‍ ഉഫൈറ, ഷാക്കിറിനെ സ്വപ്നം കണ്ടു. തന്റെ വസ്ത്രം കണ്ട സ്ഥലത്ത് മൃതദേഹം കുഴിച്ചുമൂടിയിട്ടുണ്ടെന്ന് സ്വപ്നത്തില്‍ ഷാക്കിര്‍ ഉഫൈറയോട് പറഞ്ഞു. തുടര്‍ന്ന് അയല്‍ക്കാരെല്ലാം ചേര്‍ന്ന് പ്രദേശത്താകെ മണ്ണില്‍ പരിശോധന നടത്തി. എന്നാല്‍ ഒന്നും കിട്ടിയില്ലെന്നും പിതാവ് പറയുന്നു.

കഴിഞ്ഞ കുറെ നാളുകളായി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും മകന്റെ ഭൗതിക ശരീരം ലഭിക്കാതെ അന്ത്യ കര്‍മ്മങ്ങള്‍ നടത്താതെ സ്വസ്ഥതയുണ്ടാകില്ലെന്നും പിതാവ് പറയുന്നു.

ആരാണ് ഷാക്കിറിനെ തട്ടിക്കൊണ്ടുപോയതെന്ന് തനിക്ക് അറിയാമെന്ന് മന്‍സൂര്‍ അഹമ്മദ് പറയുന്നു. ഇവരെല്ലാം പിന്നീട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

പല തീവ്രവാദ ഗ്രൂപ്പുകളോടും മകന്റെ മൃതദേഹത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. പക്ഷേ, തട്ടിക്കൊണ്ടുപോയവരുമായി ബന്ധമില്ലെന്നാണ് അവരെല്ലാം അറിയിച്ചത്.

അതേസമയം, ഷാക്കിറിനെ കാണാതായതായാണ് പൊലീസ് രേഖകളിലുള്ളത്. കൊലപ്പെടുത്തിയതായോ കുഴിച്ചുമൂടിയതായോ ഉള്ള തെളിവുകള്‍ തങ്ങള്‍ക്ക് ഇല്ലെന്ന് പൊലീസ് പറയുന്നു.

കശ്മീരില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ എണ്ണായിരത്തോളം പേരെ കാണാതായെന്നാണ് കണക്ക്. ഇതില്‍ നിരവധി പേരെ കൊണ്ടുപോയത് സുരക്ഷാ സേന തന്നെയാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top