News Desk

2021-03-11 12:41:31 pm IST

അബുദാബി: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരില്‍ വൃക്കരോഗം വര്‍ധിക്കുന്നുവെന്ന് അബുദാബിയിലെ ആരോഗ്യ സേവന വിഭാഗമായ സേഹയിലെ റീനല്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് കൗണ്‍സില്‍ മേധാവിയും ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി (എസ്.കെ.എം.സി) നെഫ്രോളജിസ്റ്റുമായ ഡോ. മുഹമ്മദ് അല്‍ സീയാറി പറഞ്ഞു.

അമിത ഭക്ഷണവും വ്യായാമമില്ലായ്മയും കാരണം പ്രമേഹവും രക്തസമ്മര്‍ദ്ദവും ബാധിച്ച് വൃക്ക തകരാറിലാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അമിത ചൂടില്‍ ജോലി ചെയ്യുന്നവരിലും വൃക്ക രോഗം കണ്ടുവരുന്നതായും അദ്ദേഹം പറഞ്ഞു. 

വൃക്ക രോഗ ചികിത്സയ്ക്കായി നവീന സൗകര്യങ്ങളോടെ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കുള്ള എല്ലാ ചെലവും അബുദാബി സര്‍ക്കാരാണ് വഹിക്കുന്നത്. നിയമവിധേയമായി യു.എ.ഇയില്‍ താമസിക്കുന്ന ദാതാവിനും സ്വീകരിക്കുന്നയാള്‍ക്കും ചികിത്സ സൗജന്യമാണ്.

വൃക്ക രോഗവുമായി ബന്ധപ്പെട്ട അജ്ഞത ധാരാളമുണ്ടെന്നും ഈ രംഗത്ത് ബോധവല്‍ക്കരണം അനിവാര്യമാണെന്നും സേഹയിലെ കണ്‍സല്‍റ്റന്റ് നെഫ്രോളജിസ്റ്റും ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് നെഫ്രോളജി, ഇന്റര്‍നാഷനല്‍ നെഫ്രോളജി കമ്മിറ്റി അംഗവുമായ ഡോ. സിദ്ദീഖ് അന്‍വര്‍ പറഞ്ഞു.

കാര്‍ബോഹൈഡ്രേറ്റും ഉപ്പും നിറഞ്ഞ ഭക്ഷണം പ്രമേഹവും രക്തസമ്മര്‍ദ്ദവും പൊണ്ണത്തടിയുമുണ്ടാക്കുമെന്നും ഇതു വൃക്കയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ഡോ. സിദ്ദീഖ് അന്‍വര്‍ പറഞ്ഞു.

40 വയസ്സു കഴിഞ്ഞവര്‍ വര്‍ഷത്തിലൊരിക്കല്‍ വൃക്ക പരിശോധിക്കണം. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ പ്രത്യേകിച്ചും. ബ്രൂഫെന്‍ പോലുള്ള വേദന സംഹാരികളുടെ അമിത ഉപയോഗവും വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇവ കഴിക്കരുത്. വിവിധ രോഗങ്ങള്‍ക്കായി എഴുതിത്തരുന്ന മരുന്നുകള്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന കാര്യം ഡോക്ടറോട് ചോദിച്ചു മനസിലാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

അതേസമയം, ഇന്ത്യക്കാര്‍ക്കിടയില്‍ വൃക്കദാനത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ഇന്ത്യയിലെ മോഹന്‍ ഫൗണ്ടേഷനുമായും സേഹ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. യു.എ.ഇയിലെ വൃക്ക രോഗികള്‍ക്ക് 800500, 050 6629239 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top