News Desk

2021-04-21 10:43:00 am IST

തിരൂര്‍: വളാഞ്ചേരിയില്‍ 21-കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. രാവിലെ ഒമ്പതു മണിയോടെ മൃതദേഹം കുഴിച്ചിട്ട തെങ്ങിന്‍ തോപ്പില്‍ പ്രതിയെ എത്തിച്ചാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

40 ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആതവനാട് കഞ്ഞിപ്പുര ചോറ്റൂര്‍ കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിന്റെ (21) മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. വീടിനടുത്ത ചെങ്കല്‍ ക്വാറിക്ക് സമീപം തെങ്ങിന്‍ തോപ്പില്‍ മണ്ണിട്ട് മൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പൂര്‍ണമായും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും യുവതിയുടേത് തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. കാല്‍ മാത്രമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്.

യുവതിയുടെ അയല്‍വാസിയായ കഞ്ഞിപ്പുര ചോറ്റൂര്‍ വരിക്കോടന്‍ അന്‍വറാണ് പ്രതി. സുബീറയെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൂന്നുപവന്‍ സ്വര്‍ണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ യുവതി പീഡനത്തിനിരയായിട്ടുണ്ടോയെന്നതില്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. വെട്ടിച്ചിറയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ഫര്‍ഹത്ത് മാര്‍ച്ച് 10-ന് രാവിലെ വീട്ടില്‍നിന്ന് ജോലിക്ക് പോയശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.

ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ നാട്ടുകാരായ ചിലരാണ് ക്വാറിയില്‍ മണ്ണ് ഇളകിയനിലയില്‍ കണ്ടത്. സംശയം തോന്നിയതിനാല്‍ പൊലീസില്‍ വിവരമറിയിച്ചു. മൃതദേഹം ലഭിച്ച തോട്ടം നോക്കിനടത്തുന്നയാളാണ് പ്രതി.

ക്വാറിയും പരിസരവും പൊലീസ് കാവലിലാണ്. മൃതദേഹം അഴുകിയനിലയിലായതിനാല്‍ ബുധനാഴ്ച ഫോറന്‍സിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എത്തിയശേഷമേ പോസ്റ്റ്‌മോര്‍ട്ടമുള്‍പ്പെടെ നടക്കുകയുള്ളൂ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top