News Desk

2021-06-02 05:49:54 pm IST

പ്യോങ്യാങ്: കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യത്തെ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കണമെന്ന വാദവുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ചൈനയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന അവ വൈറസ് പരത്തുമെന്നതിനാലാണ് കിം സൈന്യത്തിന് നിര്‍ദേശം നല്‍കിയത്.

ഇതിനു പിന്നാലെ അതിര്‍ത്തിയിലെ പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ പക്ഷികളെ വെടിവച്ചുകൊല്ലുകയും പൂച്ചകളെയും ഉടമകളെയും തിരഞ്ഞുപിടിക്കുകയും ചെയ്യുന്നതായാണ് വാര്‍ത്തകള്‍. ഹെയ്സാനില്‍, പൂച്ചയെ വളര്‍ത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കലില്‍ പാര്‍പ്പിച്ചതായി ഡെയ്ലി എന്‍.കെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, രാജ്യത്തെ പ്രധാന ആശുപത്രികളില്‍ ചൈനീസ് മരുന്ന് ഉപയോഗിക്കുന്നത് ഈ മാസം ആദ്യം കിം നിരോധിച്ചിരുന്നു. ചൈനീസ് വാക്‌സിന്‍ പരീക്ഷണങ്ങളും അദ്ദേഹം രാജ്യത്ത് നിര്‍ത്തിവച്ചു. പകരം കൊറോണ വൈറസിനെതിരെ രാജ്യം തന്നെ സ്വന്തമായൊരു വാക്സിന്‍ നിര്‍മ്മിക്കാന്‍ ഗവേഷകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം വിദേശ ചികിത്സകള്‍ വ്യാപകമായി ലഭ്യമല്ലാത്തതിനാല്‍ ആഭ്യന്തരമായി മരുന്നുകള്‍ നിര്‍മ്മിക്കാനും നീക്കമുണ്ട്. രാജ്യത്ത് ഇതുവരെ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.

കൊവിഡ് പ്രതിരോധത്തിനായി വിചിത്ര വാദങ്ങള്‍ ഉന്നയിച്ച് കിം നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. ചൈനയില്‍ നിന്ന് വീശുന്ന മഞ്ഞ പൊടിക്കാറ്റ് കൊറോണ വൈറസ് പരത്തുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം കോളിളക്കം സൃഷ്ടിച്ച വാദം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top