News Desk

2021-10-15 02:13:39 pm IST

അഹ്മദാബാദ്: 25-കാരിയെ തീയില്‍ പഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ദേവഭൂമി ധ്വാരക ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ദുര്‍മന്ത്രവാദിയും ബന്ധുക്കളുമാണ് ഈ ക്രൂരത ചെയ്തത്. ദൈവകോപം അകറ്റാനെന്ന പേരില്‍ നടത്തിയ ചടങ്ങുകളാണ് കൊലക്ക് കാരണമായത്.

സംഭവത്തില്‍ ദുര്‍മന്ത്രവാദി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായി. രമീല സോലങ്കിക്കാണ് ജീവന്‍ നഷ്ടമായത്. ബുധനാഴ്ച നവരാത്രി ആഘോഷങ്ങള്‍ക്കായി ഭര്‍ത്താവ് വാലക്കൊപ്പം ഒകാമധി ഗ്രാമത്തിലെത്തിയതായിരുന്നു യുവതി.

അവിടെയെത്തിയതോടെ രമീല വിറയ്ക്കാന്‍ തുടങ്ങി. സമീപത്തുനിന്ന് ഇതുകണ്ട ദുര്‍മന്ത്രവാദിയായ രമേശ് സോലങ്കി രമീലയുടെ ശരീരത്തില്‍ കോപാകുലയായ ദേവത കുടിയേറിയെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ദൈവകോപം അകറ്റാന്‍ യുവതിയെ അടിക്കാന്‍ ആവശ്യപ്പെട്ടു. 

രമീലയെ അടിച്ചില്ലെങ്കില്‍ അവിടെകൂടിയവരെ അവള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിറകുകൊണ്ടും ചൂടാക്കിയ ഇരുമ്പ് ചങ്ങലകൊണ്ടും ബന്ധുക്കളോട് യുവതിയെ അടിക്കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

യുവതിയുടെ മരണത്തോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. രമേശ് സോലങ്കിക്ക് പുറമെ രമീലയുടെ ബന്ധുക്കളായ വേര്‍സി സോലങ്കി, ഭവേഷ് സോലങ്കി, അര്‍ജുന്‍ സോലങ്കി, മനു സോലങ്കി എന്നിവരാണ് അറസ്റ്റിലായത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top