Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീറിന്റെ മരണത്തിന് ഇടയായ വാഹനം ഓടിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള ശ്രീറാമിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനു ശേഷം അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ഇതിനിടെ, മുഹമ്മദ് ബഷീറിന്റെ അപകടമരണത്തില്‍ പൊലീസ് ഒത്തുകളിച്ചെന്ന തരത്തില്‍ ആരോപണങ്ങള്‍ ശക്തമാകുന്നുണ്ട്.

അപകടമുണ്ടായി മരണപ്പെടുമ്പോള്‍ ചെയ്യേണ്ടതായ നടപടിക്രമങ്ങള്‍ ഒന്നും പൊലീസ് പാലിച്ചിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍, കാര്യങ്ങള്‍ കൈവിട്ട് പോയതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി അന്വേഷണം ദ്രുതഗതിയിലാക്കിയത്.

അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍, കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ഷഫീക്കായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് ഒപ്പമുണ്ടായിരുന്ന യുവതിയും പെലീസിന് മൊഴി നല്‍കി.

കൂടാതെ, ശ്രീറാം വെങ്കിട്ട രാമനെതിരെ വീണ്ടും മൊഴി പുറത്തെത്തിയിരുന്നു. അപകടത്തില്‍ പെട്ട ബഷീറിനെ സ്‌കൂട്ടറില്‍ കയറ്റി വിടാന്‍ ശ്രീറാം ശ്രമിച്ചെന്നായിരുന്നു അവസാനമെത്തിയ ദൃക്സാക്ഷി ജിത്തുവിന്റെ മൊഴി. തന്റെ സ്‌കൂട്ടറിലാണ് കയറ്റി വിടാന്‍ ശ്രമിച്ചതെന്നും ദൃക്സാക്ഷി പറഞ്ഞിരുന്നു.

അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വെച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കളക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍.

2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി.

തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.

Top