News Desk

2021-05-23 02:11:16 pm IST
തൃശൂര്‍: കൊടകര മൂന്നരകോടി രൂപയുടെ കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ചോദ്യം ചെയ്യലിന് ബി.ജെ.പി നേതാക്കള്‍ ഹാജരായില്ല. സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശനും ഓഫീസ് സെക്രട്ടറി ജി. ഗിരീഷുമാണ് ഹാജരാകാതിരുന്നത്. 

അസൗകര്യം കാരണം ഇന്ന് ഹാജരാകാനാകില്ലെന്ന് ഇരുവരും അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച തൃശൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നത്. 

തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പ്പണമാണ് കൊടകരയില്‍ വെച്ച് ഒരു സംഘം തട്ടിയെടുത്തത് എന്നാണ് ആരോപണം. തൃശൂരിലെത്തി പണം ജില്ല നേതാക്കള്‍ക്ക് കൈമാറിയെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു. കര്‍ണാടകയില്‍ നിന്ന് എത്തിയ പണം എവിടേക്കാണ് കൊടുത്തയച്ചതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ആഴ്ചയില്‍ തന്നെ കേസില്‍ നിര്‍ണായക വിവരം പുറത്തു വരുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

ബി.ജെ.പി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരിയെയും മധ്യമേഖല സെക്രട്ടറി ജി. കാശിനാഥനെയും ജില്ല ട്രഷറര്‍ സുജയ് സേനനെയും പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ ബന്ധമില്ലെന്നാണ് മൂന്നു പേരും മൊഴി നല്‍കിയത്. എന്നാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യലിന്  വിളിപ്പിക്കുമെന്ന് അന്വേഷണസംഘം സൂചന നല്‍കിയിട്ടുണ്ട്.

പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ സംഘടന ചുമതലയുള്ള മധ്യമേഖല സെക്രട്ടറിയാണ് കാശിനാഥന്‍. ഈ ജില്ലകളില്‍ ഫണ്ട് വിതരണം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക മധ്യമേഖല സെക്രട്ടറിയാണ്. കവര്‍ച്ച സംഭവത്തിന് തലേദിവസം കാശിനാഥന്‍ തൃശൂരില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്ന സൂചനയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം തൃശൂരില്‍ കേന്ദ്രീകരിച്ചത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top