News Desk

2021-04-11 09:49:22 pm IST
കരിപ്പൂര്‍: കോഴിക്കോട് നിന്ന് ദുബൈക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഞായറാഴ്ച വൈകിട്ട് 7.05 പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. 

ശനിയാഴ്ച രാത്രി 7.50നായിരുന്നു കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ വിമാനം രാത്രി 11.40ലേക്ക് മാറ്റയെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചു. വൈകാതെ വിമാനം പുറപ്പെടുമെന്ന് കരുതിയ യാത്രക്കാര്‍ പക്ഷെ വീണ്ടും നിരാശരാവുകയായിരുന്നു. പിന്നീട് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് വിമാനം പുറപ്പെടുമെന്ന് യാത്രക്കാരെ അറിയിക്കുകയും വീണ്ടും ഞായറാഴ്ച്ച രാത്രിയിലേയ്ക്ക് സമയക്രമം മാറ്റുകയും ചെയ്തു. പിന്നീടാണ് വിമാനം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്. ഇനി തിങ്കളാഴ്ചയേ വിമാനം പുറപ്പെടുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തിയത്.

ഉച്ചയ്ക്ക് 2.45ന് കരിപ്പൂരില്‍ എത്തേണ്ട വിമാനവും ഇതുവരെ എത്തിയിട്ടില്ല. വിവിധയിടങ്ങളില്‍നിന്ന് എത്തിയ 130 ഓളം പേരുടെ യാത്രയാണ് മുടങ്ങിയത്. വിമാനം വൈകിയതിനെ തുടര്‍ന്ന് താമസ സൗകര്യമോ നഷ്ടപരിഹാരമോ മറ്റ് സൗകര്യങ്ങളോ ഏര്‍പ്പെടുത്തിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ടിക്കറ്റ് എടുത്തവര്‍ കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയിരുന്നു. യാത്ര മുടങ്ങിയതോടെ വീണ്ടും പരിശോധന നടത്തണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top