News Desk

2021-03-15 01:52:13 pm IST

കോഴിക്കോട്: കുറ്റ്യാടിയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് വഴങ്ങി കെ.പി കുഞ്ഞമ്മദ് കുട്ടിയെ സി.പി.ഐ.എം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇടതുമുന്നണിയിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയിരുന്ന സീറ്റ് പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സി.പി.ഐ.എമ്മിന് തന്നെ വിട്ടു നല്‍കുകയായിരുന്നു.

സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കുഞ്ഞമ്മദ് കുട്ടി. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. തിങ്കളാഴ്ച രാവിലെ ജില്ല ഓഫിസില്‍ ചേര്‍ന്ന അടിയന്തര സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.

ആദ്യം പ്രതിഷേധങ്ങള്‍ക്ക് വഴങ്ങില്ലെന്ന് പറഞ്ഞ പാര്‍ട്ടി നേതൃത്വം പിന്നീട് അയയുകയായിരുന്നു. സീറ്റ് സി.പി.ഐ.എം നിലനിര്‍ത്തി കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. ഇതേ തുടര്‍ന്ന് സി.പി.ഐ.എമ്മിന് വിശദീകരണ യോഗമടക്കം വിളിക്കേണ്ടി വന്നു. 

കേരള കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കിയതോടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം, കെ.കെ ദിനേശന്‍ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി കീഴ് ഘടകങ്ങളിലെ സമ്മര്‍ദ്ദവും വിജയസാധ്യതയും കെ.പി കുഞ്ഞമ്മദ് കുട്ടിക്ക് അനുകൂലമാകുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തവണ ഉണ്ടായത്. പൊന്നാനി, കുറ്റ്യാടി, തരൂര്‍ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ പ്രതിഷേധം നടന്നത്.

പൊന്നാനിയില്‍ ടി.എം സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. എന്നാല്‍ പ്രതിഷേധം വകവെയ്ക്കാതെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സി.ഐ.ടി.യു നേതാവ് പി. നന്ദകുമാറിനെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

മന്ത്രി എ.ക ബാലന്റെ ഭാര്യ പി.കെ ജമീലയെ മത്സരിപ്പിക്കുന്നതിനെ ചൊല്ലിയായിരുന്നു തരൂരിലെ പ്രതിഷേധം. പി.കെ ജമീലയെ സ്ഥാനാര്‍ഥി ആക്കിയില്ലെങ്കിലും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടിയ വി.പൊന്നുക്കുട്ടനെ തഴഞ്ഞ് പി.പി സുമോദിനെയാണ് സി.പി.ഐ.എം പരിഗണിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top