News Desk

2021-04-09 07:25:18 pm IST

തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത. സ്വജനപക്ഷപാതം കാണിച്ച ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്താ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. 

ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി. ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ എം.ഡിയായാണ് നിയമിച്ചത്.

ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയില്‍ പറയുന്നു. ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയില്‍ ആവശ്യപ്പെടുന്നു. 

കഴിഞ്ഞ ഒക്ടോബര്‍ എട്ടാം തീയതിയാണ് കൃത്യമായ യോഗ്യതയില്ലാത്ത ബന്ധുവായ കെ.ടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച് ജലീലിന്റെ ഓഫീസ് ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ രാജിവെച്ച അദീബ് കോഴിക്കോട് സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജിയണല്‍ ഓഫീസിലെ സീനിയര്‍ മാനേജര്‍ തസ്തികയിലേക്ക് മടങ്ങി.

അതേസമയം, ജലീല്‍ ചട്ടലംഘനമോ ക്രമക്കേടോ ഭരണഘടനാലംഘനമോ നടത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ അനാവശ്യ പുകമറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അദീപിനെ നിയമിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ആരോടെങ്കിലും അഴിമതിയോ അന്യായമോ ചെയ്‌തെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് കെ.ടി ജലീലും പറഞ്ഞിരുന്നു. ചിലര്‍ പ്രചരിപ്പിക്കുന്നപോലെ ഒരാളുടെയും അവസരം നഷ്ടപ്പെടുത്തിയോ അര്‍ഹരെ തഴഞ്ഞോ ആയിരുന്നില്ല ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ഡെപ്യൂട്ടേഷന്‍ നിയമനം. സാമ്പത്തിക ലാഭത്തിനോ മറ്റ് നേട്ടങ്ങള്‍ക്കോ അല്ല യോഗ്യനായ ഒരാളെ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് നിയമിച്ചതെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top