ജംഷീന മുല്ലപ്പാട്ട്

2020-09-30 11:37:47 pm ISTഒരു രാഷ്ട്രത്തിന് അവരുടെ രക്ഷിതാവിനെ നഷ്ടമായിരിക്കുന്നു. മരണം ഒരു യാഥാര്‍ത്യമായിരിക്കെ നഷ്ടം ആ രാഷ്ട്രം ഉള്‍കൊണ്ടേ മതിയാവൂ. അല്ലാതെ മറ്റുപോംവഴികളില്ല. കുവൈത്തിന്റെ ദുഖം പങ്കുവെച്ച്, ആശ്വാസമായി ഖത്തറും തങ്ങളുടെ സഹോദര രാഷ്ട്രത്തിന്റെ കൂടെയുണ്ട്. മരണം ഒരു വ്യക്തിയെ മഹാനാക്കുമെന്ന് പറഞ്ഞുപതിഞ്ഞ ഒരു മൊഴിയാണെങ്കില്‍ ഇവിടെ കുവൈത്തിന്റെ പ്രിയങ്കരനായ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് യഥാര്‍ഥത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്തം തന്നെയായിരുന്നു. 

എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഖത്തറിനെ ഷെയ്ഖ് സബാഹ് കരുതലോടെ ചേര്‍ത്ത് പിടിച്ചു. തിരിച്ച് ഖത്തറും കുവൈത്തിന് താങ്ങായി. ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള കുവൈത്ത് വിമോചന യുദ്ധത്തില്‍ ഇറാഖ് സൈനികരെ ഖഫ്ജി അതിര്‍ത്തിയില്‍ നേരിട്ടത് ഖത്തര്‍ സൈനിക സഹായത്താലായിരുന്നു. അന്ന് ശൈഖ് സബാഹ് ആയിരുന്നു കുവൈത്തിന്റെ വിദേശകാര്യ മന്ത്രി.

സൗദി സഖ്യം ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ നിമിഷം മുതല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഷെയ്ഖ് സബാഹ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു. ഉപരോധ പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത നിമിഷം മുതല്‍ ഖത്തറിലെ ജനതയ്ക്ക് ആവശ്യമായ ഭക്ഷ്യ, ഭക്ഷ്യേതര സാധനങ്ങള്‍ എത്തിച്ച് ഭരണനേതൃത്വത്തിന് വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തേകി ഒപ്പം നിന്നു.

പ്രതിസന്ധിക്ക് ശേഷം നടന്ന വിവിധ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സമ്മേളനങ്ങളിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ക്ഷണിക്കുന്ന കാര്യത്തിലും കുവൈത്ത് അമീര്‍ മുഖ്യപങ്ക് വഹിച്ചു.

റിയാദില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തറിനെ പങ്കെടുപ്പിക്കാന്‍ കുവൈത്ത് മധ്യസ്ഥശ്രമം നടത്തി. രാഷ്ട്രത്തലവന്മാരില്‍ ഖത്തര്‍ അമീറും കുവൈത്ത് അമീറും മാത്രമാണ് അന്ന് പങ്കെടുത്തത്. എന്നാല്‍ പിന്നീട് നടന്ന ഉച്ചകോടിയില്‍ പ്രതിസന്ധിയുടെ മഞ്ഞുരുക്കത്തിന്റെ നല്ല സൂചനകളാണ് ഉണ്ടായിരുന്നത്.

ജി.സി.സി 40-ാംമത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ അന്നത്തെ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചിരുന്നു. ഉപരോധകാലത്ത് നടന്ന ജി.സി.സി സമ്മേളനങ്ങളിലൊന്നും കാണാത്ത കാഴ്ചയായിരുന്നു ഇത്.

ഖത്തറിനെതിരായ ഉപരോധത്തിന്റെ ഫലമായുണ്ടായ ഗള്‍ഫ്പ്രതിസന്ധി അയയുന്നതിലേക്ക് കാര്യങ്ങള്‍ വന്നതിന്റെ മുഖ്യകാരണക്കാരന്‍ കുവൈത്ത് അമീര്‍ ആയിരുന്നു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇടക്കാല പരിഹാരമടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുകയാണെന്നും അമേരിക്കന്‍ ഡെപ്യൂട്ടി അസി. സ്റ്റേറ്റ് സെക്രട്ടറി തിമോത്തി ലാന്‍ഡര്‍കിങ് ഈയടുത്ത് പറഞ്ഞിരുന്നു.
 
ഖത്തറിനെതിരെ ഒരു ഉപരോധ രാജ്യം സൈനികാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നും അത്തരം സൈനിക ഇടപെടല്‍ ഇല്ലാതാക്കിയത് കുവൈത്തി മധ്യസ്ഥ ശ്രമങ്ങളുടെ വിജയമായിരുന്നുവെന്നും ഈയടുത്ത് വെളിപ്പെടുത്തലുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ ഇടപെടലും ഇക്കാര്യത്തിലുണ്ടായെന്ന് വാഷിംഗ്ടണ്‍ ആസ് ഥാനമായുള്ള 'ദി ഫോറിന്‍ പോളിസി' മാഗസിന്‍ ഈയടുത്ത് പറഞ്ഞിരുന്നു.

2017-ല്‍ ദോഹയില്‍ നടക്കേണ്ട 23-ാംമത് ഗള്‍ഫ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥ്യം ഖത്തര്‍ കുവൈത്തിന് വിട്ടുകൊടുത്തത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

ഖത്തറിന്റെ സുപ്രധാനമായ റോഡ് പദ്ധതിക്ക് കുവൈത്ത് അമീറിന്റെ പേര് നല്‍കി ഖത്തര്‍ ഷെയ്ഖ് സബാഹിന് ഏറ്റവും വലിയ ആദരവ് നല്‍കി. 'സബാഹ് അല്‍ അഹ്മദ് ഇടനാഴി' എന്നാണ് പദ്ധതിക്ക് പേരിട്ടത്. കുവൈത്തിന്റെ കഴിഞ്ഞ ദേശീയ ദിനാഘോഷത്തിലായിരുന്നു ഖത്തറിന്റെ ഈ സ്നേഹ സമ്മാനം. 

ഖത്തറിലെ സ്വദേശികള്‍ക്ക് മാത്രമല്ല പ്രവാസികള്‍ക്കും ഏറെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു ഷെയ്ഖ് സബാഹ്. ഖത്തറുമായി അവസാനനാള്‍ വരെ ഷെയ്ഖ് സബാഹ് ഹൃദയബന്ധം കാത്തുസൂക്ഷിച്ചു. അസുഖം ബാധിച്ച് ആശുപത്രിയിലായിരുന്ന അദ്ദേഹത്തോട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഫോണില്‍ വിളിച്ച് ആരോഗ്യവിവരം തിരക്കിയത് ഈയടുത്തായിരുന്നു. 

ഖത്തറിലെ ഓരോ സ്വദേശിയുടേയും ഹൃദയത്തിലാണ് കുവൈത്ത് അമീറിന്റെ സ്ഥാനമെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി വ്യക്തമാക്കിയിരുന്നു. അറബ് നയതന്ത്രത്തിന്റെ ഡീന്‍ എന്നാണ് ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തെ വിശേഷിപ്പിച്ചതും. 

കുവൈത്ത് അമീറിന്റെ വേര്‍പാടില്‍ മൂന്ന് ദിവസത്തെ ദുഖാചരണമാണ് ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ പതാക പകുതി താഴ്ത്തികെട്ടും. മഹാനായ നേതാവും രാഷ്ട്ര നായകനുമാണ് ഷെയ്ഖ് സബാഹ് എന്നാണ് ഖത്തര്‍ അമീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.

ഖത്തര്‍ ഉപരോധം പിന്‍വലിക്കപ്പെടുന്നത് കുവൈത്ത് അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളിലൂടെ മാത്രമായിരിക്കുമെന്ന് കുവൈത്തിലെ അമേരിക്കന്‍ സ്ഥാനപതി അലീന റൊമാനൊസ്‌കി പറഞ്ഞിരുന്നു. ഈ മധ്യസ്ഥ ശ്രമങ്ങളാണ് ഷെയ്ഖ് സബാഹിന്റെ മരണത്തോടെ നഷ്ടമായിരിക്കുന്നത്. ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങളുടെയും വിശാലമായ കാഴ്ചപ്പാടുകളുടെയും പിന്‍ബലത്തോടെ രാജ്യത്തെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിച്ച നേതാവായിരുന്നു അദ്ദേഹം. 

2005-ല്‍ വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയതും കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയതും അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമായിരുന്നു. ആസൂത്രണവകുപ്പുമന്ത്രിയായി ഒരു വനിതയെ കൊണ്ടുവന്നതും അദ്ദേഹം പ്രധാനമന്ത്രിയായ കാലത്താണ്. കുവൈത്ത് യുദ്ധത്തിനു ശേഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തിരിച്ചു പിടിച്ചത് ഷെയ്ഖ് സബാഹിന്റെ വികസന തന്ത്രങ്ങളും നയതതന്ത്ര ബന്ധങ്ങളുമാണ്. സമതുലിത വിദേശനയത്തിലൂടെ കുവൈത്തിനു രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്തതില്‍ ഷെയ്ഖ് സബാഹിനുള്ള പങ്ക് ചെറുതല്ല. 

2015ല്‍ 26പേരുടെ മരണത്തിനിടയാക്കിയ ഷിയാപള്ളി ആക്രമണത്തെ തുടര്‍ന്നു ഷെയ്ഖ് സബാഹ് നടത്തിയ നീക്കം ആരെയും അദ്ഭുതപ്പെടുത്തി. ആക്രമണം നടന്ന സ്ഥലത്ത് ഉടന്‍ കുതിച്ചെത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു നേരിട്ടു നേതൃത്വം നല്‍കിയ ഷെയ്ഖ് സബാഹിന്റെ നീക്കമാണ് രാജ്യത്തെ ശാന്തമാക്കിയത്. ഇത്തരം കാര്യങ്ങള്‍ കൊണ്ടുതന്നെയാണ് ഐക്യരാഷ്ട്രസഭയുടേതടക്കം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പുരസ്‌ക്കാരങ്ങള്‍ ശൈഖ് സബാഹിനെ തേടിയെത്തിയത്. 

ശരിയാണ്, കുവൈത്തിന്റെ ജീവശ്വാസം നിലച്ചുപോയിരിക്കുന്നു, ഖത്തറിനു തങ്ങളുടെ ആത്മ മിത്രത്തെ നഷ്ടപ്പെട്ടിരിക്കുന്നു, ലോകത്തിന് മികച്ച നേതാവിനെയും. ഈ യാഥാര്‍ത്യത്തെ ഉള്‍ക്കൊണ്ട് ലോകം അതിന്റെ പതിവ് ചലനത്തിലാണ്. എന്നാല്‍ ചരിത്രം എക്കാലവും ഷെയ്ഖ് സബാഹിനെ ഓര്‍മിക്കും. ചര്‍ച്ച ചെയ്തു കൊണ്ടേയിരിക്കും.......


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു 
Top