News Desk

2021-02-04 02:06:24 pm IST
കുവൈത്ത് സിറ്റി: പൗരന്മാരല്ലാത്തവര്‍ക്കുള്ള പ്രവേശനം താത്ക്കാലികമായി നിര്‍ത്തിവച്ച് കുവൈത്ത്. ഫെബ്രുവരി ഏഴു മുതല്‍ പ്രവാസികളുടെ പ്രവേശനം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. പുതിയ കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

അയല്‍രാജ്യമായ സൗദി അറേബ്യ വിനോദ പരിപാടികള്‍ റദ്ധാക്കിയതിന്റെയും റസ്‌റ്റോറന്റുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കുവൈത്തിന്റെ പ്രഖ്യാപനം. ഫസ്റ്റ് ഡിഗ്രി ബന്ധമുള്ള മാതാപിതാക്കളെയും കുട്ടികളെയും അനുഗമിക്കുന്ന വീട്ടുജോലിക്കാരെയും പ്രവേശന നിരോധനത്തില്‍ നിന്ന് ഒഴിവാക്കുമെന്നും രാജ്യത്ത് എത്തുന്ന എല്ലാവരേയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുമെന്നും കുവൈത്ത് മന്ത്രിസഭ പ്രസ്താവനയില്‍ പറഞ്ഞു. 

ജിമ്മുകളും സലൂണുകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. മറ്റ് വാണിജ്യ സ്ഥാപനങ്ങളായ ഫാര്‍മസികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷണ ശാലകള്‍ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങള്‍ രാത്രി എട്ടുമണിയ്ക്ക് പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, കുവൈത്തില്‍ എത്തുന്ന വിമാനങ്ങളില്‍ 35 യാത്രക്കാര്‍ മാത്രം എന്നത് അനിശ്ചിതകാലത്തേക്ക് തുടരും. ജനുവരി 24 മുതല്‍ ഫെബ്രുവരി ആറു വരെ നിശ്ചയിച്ച നിയന്ത്രണം ഇനിയൊരു അറിയിപ്പ് വരെ തുടരാന്‍ വ്യോമയാന ഡയറക്ടറേറ്റ് തീരുമാനിച്ചു. 

രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഒരു വിമാനത്തില്‍ പരമാവധി 35 പേര്‍ എന്ന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതുവഴി പ്രതിദിനം 1000 പേര്‍ക്ക് മാത്രമാണ് കുവൈത്തില്‍ പ്രവേശനം നല്‍കുന്നത്. അതേസമയം പുതിയ സാഹചര്യത്തില്‍ വിമാനത്താവളം അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അധികൃതര്‍ ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ആരോഗ്യമന്ത്രാലയത്തിലെയും വ്യോമയാന വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് (വ്യാഴം) യോഗം ചേര്‍ന്ന് അത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണു സൂചന. അതിനിടെ വിദേശരാജ്യങ്ങളില്‍ പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കുവൈത്തില്‍ എത്തിയവരും കുവൈത്തിലെ പരിശോധനയില്‍ പോസിറ്റീവ് ആകുന്നത് ശ്രദ്ധയില്‍പെട്ടതായി അധികൃതര്‍ അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top