News Desk

2021-03-23 12:53:27 pm IST

കുവൈത്ത് സിറ്റി: രണ്ടാഴ്ചയിലേറെയായി കുവൈത്തില്‍ തുടരുന്ന 12 മണിക്കൂര്‍ രാത്രികാല കര്‍ഫ്യൂവില്‍ ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ച് ഭരണകൂടം. വൈകീട്ട് ആറു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് പുതിയ കര്‍ഫ്യൂ സമയം. ഇന്നലെ വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കര്‍ഫ്യൂ സമയം പരിഷ്‌കരിച്ചത്.

പുതിയ ഇളവ് ഇന്നു മുതല്‍ നിലവില്‍ വരുമെന്ന് കുവൈത്ത് സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസ്രിം അറിയിച്ചു. നേരത്തെ വൈകീട്ട് അഞ്ചു മുതലായിരുന്നു കര്‍ഫ്യൂ ആരംഭിച്ചിരുന്നത്. 

റെസ്റ്റാറന്റുകള്‍ക്കും കോഫീ ഷോപ്പുകള്‍കള്‍ക്കും വൈകീട്ട് ആറുമുതല്‍ രാത്രി എട്ടുവരെ ഹോം ഡെലിവറി സേവനം നടത്താന്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ഇതിനു പുറമെ വൈകിട്ട് ആറു മണി മുതല്‍ എട്ടു മണി വരെ ആളുകള്‍ക്ക് നടക്കാനും അനുവാദം നല്‍കിയിട്ടുണ്ട്

അതേസമയം, വാഹനം ഉപയോഗിക്കാനോ റെസിഡന്‍ഷ്യല്‍ ഏരിയക്ക് പുറത്ത് പോകാനോ അനുമതി ഉണ്ടാകില്ല. കൊവിഡ് വാക്‌സിന്‍ എടുത്ത മൂന്നു വിഭാഗങ്ങളെ യാത്രക്കാര്‍ക്കുള്ള ഇന്‍സ്റ്റിറ്റിയുഷണല്‍ ക്വാറിന്റൈനില്‍ നിന്ന് ഒഴിവാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് അഞ്ച് ആഴ്ചയിലധികം കഴിഞ്ഞവര്‍, രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ചയില്‍ കൂടുതല്‍ ആയവര്‍, കൊവിഡ് മുക്തരായ ശേഷം വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയില്‍ കൂടുതല്‍ ആയവര്‍ എന്നിവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവുള്ളത്. ഇവര്‍ ഏഴു ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് ബാധയില്ലെന്നു തെളിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

അതിനിടെ, രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തെത്തി. കര്‍ഫ്യൂ ജനജീവിതം ദുരിതപൂര്‍ണമാക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുകയും ചെയ്യുന്നുവെന്നും എത്രയും വേഗം നിയന്ത്രണം പിന്‍വലിക്കണമെന്നുമാണ് എം.പിമാരുടെ ആവശ്യം. കര്‍ഫ്യൂ ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞെങ്കിലും കൊവിഡ് ബാധിതരുടെ എണ്ണം ദിനേന കൂടിവരികയാണെന്ന് എം.പിമാരില്‍ ഒരാളായ ഹസന്‍ ജൗഹര്‍ കുറ്റപ്പെടുത്തി.

മാര്‍ച്ച് ഏഴിനാണ് ഒരു മാസത്തേക്ക് കുവൈത്തില്‍ കര്‍ഫ്യൂ നടപ്പാക്കിയത്. കര്‍ഫ്യൂ വന്നതോടെ വ്യാപാര സ്ഥാപനങ്ങളെല്ലാം നേരത്തേ അടച്ചുപൂട്ടേണ്ട സ്ഥിതി വന്നു. കൊവിഡ് പോസിറ്റീവ് കേസുകളുമായി ബന്ധപ്പെട്ടും കൊവിഡ് മരണങ്ങളെ കുറിച്ചും സുതാര്യമായ വിവരങ്ങള്‍ കൈമാറണമെന്നും അദ്ദേഹം ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top