News Desk

2021-03-04 03:08:27 pm IST
കുവൈത്ത് സിറ്റി: വിവിധ മേഖലകളില്‍നിന്ന് വിസ മാറ്റത്തിന് അനുമതി നല്‍കി കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി. വ്യവസായം, കൃഷി, മത്സ്യബന്ധനം സഹകരണ സംഘം, കുടുംബ വിസ, ആട് മേയ്ക്കല്‍ വിസ, ഫ്രീ ട്രേഡ് സോണ്‍ കമ്പനികളിലെ വിസ എന്നിവയില്‍നിന്നാണ് വിസ മാറ്റത്തിന് അനുമതി നല്‍കിയത്. 

ഇതുസംബന്ധിച്ച് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ അഹ്മദ് മൂസ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്ക് പ്രയോജനം ചെയ്യും. ഇതോടെ ഇവര്‍ക്കു സ്വകാര്യമേഖലയിലെ ജോലികള്‍ കരസ്ഥമാക്കാനാകും. കുടുംബ വിസയില്‍ ഉള്ളവര്‍ക്കു ജോലി ലഭിച്ചാലും ഇഖാമ മാറാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ ഇതോടെ മാറ്റമുണ്ടാകും.

വിസാമാറ്റത്തിന് തൊഴിലുടമയുടെ അനുമതി നിര്‍ബന്ധമാണ്. ഇഖാമ മാറ്റത്തിന് കാലപരിധിയും ഒഴിവാക്കി. അതേസമയം, പ്രോജക്ട് വിസ, ഗാര്‍ഹികത്തൊഴിലാളി വിസ എന്നിവ മാറ്റാന്‍ അനുമതി നല്‍കിയിട്ടില്ല. മിനിസ്ട്രി വിസയില്‍നിന്ന് സ്വകാര്യ കമ്പനി വിസയിലേക്കും മാറ്റം അനുവദിക്കും. സര്‍ക്കാര്‍ കരാര്‍ കമ്പനികളിലെ വിസയും ചെറുകിട ഇടത്തരം കമ്പനികള്‍ക്ക് അനുവദിച്ച വിസയും (മുബാറക് അല്‍ കബീര്‍ വിസ) മാറ്റാന്‍ അനുവദിക്കില്ല.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് അധികൃതര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.കോവിഡ് പ്രതിസന്ധി അവസാനിച്ചാല്‍ വിസ മാറ്റത്തിനുള്ള അവസരം റദ്ദാക്കുമോ എന്ന് വ്യക്തമല്ല.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top