News Desk

2021-03-18 02:35:16 pm IST

കുവൈത്ത് സിറ്റി: 15 രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേയ്ക്ക് വരുന്നവര്‍ക്ക് പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. മെഡിക്കല്‍ യൂട്ടിലിറ്റി നെറ്റ് വര്‍ക്ക് അക്രഡിറ്റര്‍ (മുന) അംഗീകരിച്ചതായിരിക്കണം സര്‍ട്ടിഫിക്കറ്റെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 

പി.സി.ആര്‍ ടെസ്റ്റ് റിസല്‍ട്ടില്‍ തട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദേശത്തെ അംഗീകൃത ലബോറട്ടറികള്‍ തിരിച്ചറിയാനുള്ള ഏജന്‍സിയാണ് മുന. 

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റിന്റെ നെഗറ്റീവ് റിസല്‍ട്ടായിരിക്കണം ഹാജരാക്കേണ്ടതെന്നും ഡയറക്ടറേറ്റ് ജനറല്‍ വ്യക്തമാക്കി. അതേസമയം, ജലദോഷം, തുമ്മല്‍, ചുമ, പനി പോലുള്ള കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടാവാനും പാടില്ല.

ഇന്ത്യ, യു.എ.ഇ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, തുര്‍ക്കി, ഫിലിപ്പൈന്‍സ്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് കൂടുതലാണെന്നതാണ് ഇതിന് കാരണം. പുതിയ വ്യവസ്ഥ മാര്‍ച്ച് 26 മുതല്‍ നിലവില്‍ വരും.

ലോകത്ത് കൊവിഡ് വ്യാപന നിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് ഫലത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് മെഡിക്കല്‍ യൂട്ടിലിറ്റി നെറ്റ് വര്‍ക്ക് അക്രഡിറ്റര്‍ സംവിധാനം കുവൈത്ത് ആവിഷ്‌ക്കരിച്ചതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാലിഹ് അല്‍ ഫദാഗി അറിയിച്ചു. 

കുവൈത്തിന് പുറത്തുള്ള ലബോറട്ടറികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണെന്ന് ഉറപ്പ് വരുത്തുകയും മുന സംവിധാനവുമായി ലിങ്ക് ചെയ്യുകയും വേണമെന്നും അദ്ദേഹം അറിയിച്ചു. എങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് പറയാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top