News Desk

2021-02-21 10:32:51 am IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫെബ്രുവരി 21 മുതല്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാമെന്ന തീരുമാനം അധികൃതര്‍ റദ്ദാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവേശന വിലക്ക് നീട്ടാന്‍ തീരുമാനിച്ചതായി കുവൈത്ത് വ്യോമയാന വകുപ്പ് ട്വിറ്ററില്‍ അറിയിച്ചു.

ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ഒരാഴ്ചത്തെ ഹോം ക്വാറന്റൈനും വ്യവസ്ഥയോടെ കുവൈത്തികള്‍ക്ക് പ്രവേശനം അനുവദിക്കും. രണ്ടാഴ്ചത്തെ പ്രവേശന വിലക്ക് തീര്‍ന്ന് കുവൈത്തിലേക്ക് വരാമെന്ന പ്രഖ്യാപനത്തില്‍ സന്തോഷിച്ചിരുന്ന പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ് പുതിയ തീരുമാനം.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഫെബ്രുവരി ഏഴുമുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. സ്വന്തം ചെലവില്‍ കുവൈത്തില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇരിക്കണമെന്ന വ്യവസ്ഥയോടെയായിരുന്നു പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. 

നേരത്തെ പ്രവേശന വിലയ്ക്ക് ഏര്‍പ്പെടുത്തിയതു മൂലം നിരവധി പ്രവാസികള്‍ പ്രയസത്തിലായിരുന്നു. തുര്‍ക്കിയിലും യു.എ.ഇയിലും ഇടത്താവളമായി എത്തിയവര്‍ കുവൈത്തിലേക്ക് വരാന്‍ കഴിയാതെ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പലരും അധിക ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്. ചിലര്‍ നാട്ടിലേക്ക് തന്നെ തിരിച്ചുപോയി. 

വീണ്ടും പ്രവേശന വിലയ്ക്ക് നീട്ടിയതോടെ വിസ പുതുക്കലുമായും ജോലിയുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിലേക്ക് എത്തേണ്ടതുള്ളവര്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top