News Desk

2021-04-11 05:54:51 pm IST
കുവൈത്ത് സിറ്റി: രാജ്യത്ത് 65 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ്. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ പൗരന്മാരും താമസക്കാരും ഉള്‍പ്പെടെ 1,210,155 പേര്‍ കുവൈത്തില്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്തംബറോടെ രണ്ട് ദശലക്ഷം ആളുകള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ അധികൃതര്‍ പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. 

ഇതുവരെ രാജ്യത്ത് ഫൈസര്‍ ബയോഎന്‍ടെക്, ഓക്സ്‌ഫോഡ് ആസ്ട്രാസെനക എന്നീ വാക്സിനുകളാണ് നല്‍കിയത്. രണ്ട് വാക്സിനുകളായി രണ്ടാഴ്ചത്തെ കണക്കനുസരിച്ച് 604,861 ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്ന് അല്‍ സനദ് റിപ്പോര്‍ട്ട് ചെയ്തു.

ഓക്സഫോഡ് വാക്സിന്റെ രണ്ടാമത്തെ ബാച്ച് ലഭിച്ച ശേഷം കുവൈത്തില്‍ പുതിയ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഞായറാഴ്ച മുതല്‍ ഏഴ് പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മൊത്തം വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഇതോടെ 22 ആയിട്ടുണ്ടെന്നും അല്‍ സനദ് പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top