News Desk

2021-06-05 12:13:20 pm IST
റിയാദ്: തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ച് സൗദി ഭരണകൂടം നടപ്പിലാക്കിയ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് തൊഴില്‍ തര്‍ക്ക കേസുകള്‍ പകുതിയായി കുറഞ്ഞതാണ് ഇവയിലൊന്ന്. തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ പരിഷ്‌കാരങ്ങളാണ് തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള കേസുകള്‍ 50 ശതമാനം കണ്ട് കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.

പ്രധാനമായും ലേബര്‍ കോടതിയില്‍ കേസുകള്‍ കുറഞ്ഞു. സ്പോണ്‍സര്‍ഷിപ്പ് (കഫാല) സമ്പ്രദായം എടുത്തുകളഞ്ഞതും തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലാളിക്ക് മറ്റൊരു തൊഴിലിലേക്ക് മാറാന്‍ നിബന്ധനകള്‍ക്കു വിധേയമായി അവകാശം നല്‍കുന്നതും ഉള്‍പ്പെടെയുള്ള നിയമപരിഷ്‌കാരങ്ങളിലെ മാറ്റങ്ങളാണ് കേസുകള്‍ ഇത്ര കണ്ട് കുറയ്ക്കാന്‍ സഹായകമായതെന്ന് റിയാദിലെ ലേബര്‍ എക്സിക്യൂട്ടീവ് കോടതി തലവന്‍ സുലൈമാന്‍ അല്‍ ദഫസ് അഭിപ്രായപ്പെട്ടു. 

തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം ഏറെക്കുറെ ഊഷ്മളമാക്കാന്‍ സഹായകമായി. ലേബര്‍ കോടതികളിലെ കേസുകളിലുണ്ടായ ഗണ്യമായ കുറവ് ഇതിന്റെ പ്രകടമായ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേ ലേബര്‍ കോടതികളില്‍ എത്തുന്ന തൊഴില്‍ തര്‍ക്കങ്ങളില്‍ ഏറെയും ഫൈനല്‍ എക്‌സിറ്റ്, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു. എന്നാല്‍ അത്തരം കേസുകളുടെ എണ്ണം നാമമാത്രമായി ചുരുങ്ങി.

ഇക്കഴിഞ്ഞ മാര്‍ച്ച് 14 മുതലാണ് സൗദിയിലെ ഒരു കോടിയിലേറെ വരുന്ന വിദേശികള്‍ക്ക് ഗുണകരമാവും വിധം ചരിത്രപരമായ മാറ്റങ്ങളോടെ പുതിയ തൊഴില്‍ നിയമം നിലവില്‍ വന്നത്. കഴിഞ്ഞ നവംബറില്‍ മനുഷ്യ വിഭവ- സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച പരിഷ്‌ക്കാരങ്ങള്‍ മാര്‍ച്ചില്‍ നടപ്പില്‍ വരുത്തുകയായിരുന്നു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയും, തൊഴില്‍ വിപണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തെ തൊഴില്‍ വിപണിയെ സജീവവും ആകര്‍ഷകവുമാക്കുകയെന്നതായിരുന്നു പുതിയ പരിഷ്‌കാരങ്ങളിലൂടെ അധികൃതര്‍ ലക്ഷ്യമിട്ടത്. രണ്ടര മാസത്തിനിടയില്‍ തന്നെ പരിഷ്‌ക്കാരങ്ങളുടെ ഗുണഫലങ്ങള്‍ ലഭ്യമായിത്തുടങ്ങിയതായാണ് അധികൃതരുടെ വിലയിരുത്തല്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top