News Desk

2021-03-09 10:37:21 am IST
ദോഹ: ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികളുടെ ജോലി, ജോലിസമയം തുടങ്ങിയവ തൊഴില്‍ കരാറില്‍ വ്യക്തമാക്കണമെന്ന് ദോഹയിലെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) പ്രൊജക്റ്റ് ഓഫീസിലെ ലേബര്‍ മൈഗ്രേഷന്‍ ആന്‍ഡ് എംപ്ലോയ്മെന്റ് ടെക്നിക്കല്‍ സ്പെഷ്യലിസ്റ്റ് അലിക്സ് നസ്രി. 

ഗാര്‍ഹിക ജോലിക്കായി എത്തുന്ന തൊഴിലാളികള്‍ക്ക് 2017 ലെ 15-ാം നമ്പര്‍ നിയമപ്രകാരമുള്ള മാതൃകാ തൊഴില്‍ കരാറിന്റെ പുതിയ പതിപ്പ് അടുത്തിടെ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഖത്തര്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികളുടെയും ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികളുടെയും അവകാശങ്ങള്‍ തുല്യമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് യു.എസ്, കനേഡിയന്‍ എംബസികള്‍ തിങ്കളാഴ്ച സംഘടിപ്പിച്ച വെര്‍ച്വല്‍ പാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ട് അലിക്സ് നസ്രി പറഞ്ഞു. 

തൊഴില്‍ കരാറിന്റെ പുതിയ പതിപ്പ് തൊഴില്‍ ബന്ധങ്ങളിലെ തെറ്റായ ആശയവിനിമയം കുറയ്ക്കും. കാരണം ഇത് തൊഴിലുടമകള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും പൂര്‍ണ്ണമായ സുതാര്യത നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു. 

അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും എപ്പോള്‍ വേണമെങ്കിലും കരാര്‍ അവസാനിപ്പിക്കാം എന്ന കാര്യത്തിലും പുതിയ പതിപ്പ് വ്യക്തത നല്‍കുന്നു. മിനിമം വേതനം ഉള്‍പ്പെടെ അടുത്തിടെ നടപ്പില്‍ വന്ന എല്ലാ തൊഴില്‍ പരിഷ്‌കാരങ്ങളും ഇതില്‍ പ്രതിഫലിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, റിക്രൂട്ട്മെന്റിന് തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കാന്‍ പാടില്ല. ഇതിന്റെ ചെലവ് തൊഴിലുടമകള്‍ വഹിക്കണം. കരാറിന്റെ പുതിയ പതിപ്പ് ഇതിനം തന്നെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കും ഖത്തര്‍ വിസ സെന്ററുകള്‍ക്കും നല്‍കിയെന്നാണ് മനസിലാക്കുന്നത്. 

മറ്റ് തൊഴിലാളികളുടെ കരാറുകള്‍ പോലെ ഗാര്‍ഹിക തൊഴിലാളികളുടെ കരാറിനും ഡിജിറ്റല്‍ ഓതന്റിക്കേഷന്‍ നടപ്പാക്കാന്‍ വരും മാസങ്ങളില്‍ സര്‍ക്കാരും എ.ഡി.എസ്.എല്‍.എയുമായും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അലിക്സ് നസ്രി കൂട്ടിച്ചേര്‍ത്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top