News Desk

2021-02-17 03:24:20 pm IST
ദോഹ: ഖത്തറില്‍ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 47 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ച് തൊഴില്‍ മന്ത്രാലയം. രാജ്യത്ത് കൊവിഡ് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് ലുസൈലിലും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചത്.

കൊവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് കമ്പനികള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട് അധികൃതര്‍ പുറത്തുവിട്ട നിയമങ്ങള്‍ കമ്പനികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വര്‍ക്ക് സൈറ്റുകളിലും തൊഴിലാളികളുടെ താമസ സ്ഥലത്തും നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.

ബസ്സുകളില്‍ കയറ്റുന്ന തൊഴിലാളികളുടെ എണ്ണം പകുതിയായി കുറയ്ക്കാനുള്ള തീരുമാനം, ബസ്സുകളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും തൊഴിലാളികള്‍ക്കിടയില്‍ സുരക്ഷിതമായ ശാരിരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ ഈ കാര്യങ്ങളില്‍ കമ്പനികള്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനികള്‍ക്കെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചത്.

നിയമം ലംഘിക്കുന്ന എല്ലാ കമ്പനികള്‍ക്കെതിരേയും നടപടിയെടുക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും തൊഴില്‍ വകുപ്പ് അറിയിച്ചു. സമൂഹസുരക്ഷയും വ്യക്തി സുരക്ഷയും ഉറപ്പുവരുത്തുവാന്‍ എല്ലാ കമ്പനികളും രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും തൊഴില്‍ മന്ത്രാലയം കമ്പനികളോടും തൊഴിലാളികളോടും ആഹ്വാനം ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top