News Desk

2021-03-31 10:15:32 pm IST
തിരുവനന്തപുരം: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000  ഇരട്ടവോട്ടര്‍മാരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷം. ഓപ്പറേഷന്‍ ട്വിന്‍സ് എന്ന വെബ്‌സൈറ്റിലൂടെയാണ് ഇരട്ടവോട്ടുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇന്ന് രാത്രി ഒമ്പത് മണിക്ക് വെബ്‌സൈറ്റ് വഴി വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് രമേശ് ചെന്നിത്തല രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. നാലുലക്ഷത്തി മുപ്പത്തിനാലായിരം വ്യാജ വോട്ടര്‍മാരുണ്ടെന്നും ആരോപിച്ചിരുന്നു.

നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡിനമ്പര്‍, അതേ വ്യക്തിക്ക് മറ്റു ബൂത്തുകളില്‍ ഉള്ള  വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പര്‍, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.

വെബ്സൈറ്റിലെ ഈ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുമെന്നാണ് വിവരം. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്ഡേഷനുകളില്‍ ഉണ്ടാകും. തെരഞ്ഞെടുപ്പ് കഴിയും വരെ വെബ്സൈറ്റില്‍  ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കും. എല്ലാ പൊതുപ്രവര്‍ത്തകരും  വോട്ടര്‍മാരും ഈ  സൗകര്യം  പ്രയോജനപ്പെടുത്തി കള്ളവോട്ടിനുള്ള സാധ്യതകള്‍ പരമാവധി തടയണമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചു.

ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേരു വിവരങ്ങളാണ് വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top