News Desk

2021-05-26 02:06:26 pm IST
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ ബി.ജെ.പിക്കുള്ളില്‍ എതിര്‍പ്പ് ശക്തമാകുന്നു. ഇതേതുടര്‍ന്ന് പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ചു.

യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി മുഹമ്മദ് ഹാഷിം അടക്കം എട്ട് പേരാണ് ഇന്നലെ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്. ലക്ഷദ്വീപിന്റെ  ചുമതലയുള്ള ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിക്ക് ഇവര്‍  രാജി സമര്‍പ്പിച്ചു. എം.മുത്തുക്കോയ, ബി.ഷുക്കൂര്‍, എം.ഐ മുഹമ്മദ്, പി.പി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍.അഫ്സല്‍, എന്‍.റമീസ് തുടങ്ങിയവരാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെച്ച മറ്റു നേതാക്കള്‍. 

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ എതിര്‍പ്പുകള്‍ ശക്തമായതോടെ ലക്ഷദ്വീപ് എം.പി ഇന്ന് ഡല്‍ഹിക്ക് തിരിക്കും. കേന്ദ്ര ആദ്യന്തര മന്ത്രാലയത്തെ കാര്യങ്ങള്‍ നേരിട്ട് ധരിപ്പിക്കാനാണ് നീക്കം. അതേസമയം, അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രാഷ്ട്രപതിക്ക് ഭീമ ഹരജി നല്‍കാനൊരുങ്ങുകയാണ് ലക്ഷദ്വീപുകാര്‍.

അതിനിടയില്‍ പ്രതിഷേധം ശക്തമാകുമ്പോഴും പരിഷ്‌കാര നടപടികളുമായി മുന്നോട്ടു പോവുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍. കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. നിയമന രീതികള്‍ പുനപരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നീക്കം ദ്വീപുകാരുടെ തൊഴില്‍ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top