News Desk

2021-04-17 02:51:00 pm IST

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് ലാലുപ്രസാദ് യാദവിന് ജാമ്യം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ദുംക ട്രഷറി തട്ടിപ്പ് കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ ലാലു ജയില്‍ മോചിതനാകും.

നിലവില്‍ ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ലാലുവിന് കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നാലാമത്തെ കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ ആശുപത്രി വിടുന്ന മുറക്ക് ലാലുവിന് വീട്ടിലേക്ക് മടങ്ങാം. നാലു കേസുകളാണ് ആകെയുള്ളത്. 

ഇതേ കേസില്‍ ഫെബ്രുവരി 19-ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിന് ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ ജയില്‍ ശിക്ഷയുടെ പകുതി കാലയളവ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി ശേഷിക്കുന്നുണ്ടെന്നും അതിന് ശേഷം മാത്രമാകും ജാമ്യം അനുവദിക്കാനാവുക എന്നുമാണ് ഹൈക്കോടതി പറഞ്ഞിരുന്നത്.

ഇന്ന് കേസ് പരിഗണിക്കവെ പകുതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.

1991-നും 1996-നും ഇടയില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ദുംക ട്രഷറിയില്‍ നിന്ന് 3.5 കോടി രൂപ തട്ടിപ്പ് നടത്തിയതാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ലാലുവിന് ലഭിച്ചത്. കഴിഞ്ഞ ഒക്‌ടോബറില്‍ ചൈബാസ ട്രഷറി കേസില്‍ ലാലുവിന് ജാമ്യം ലഭിച്ചിരുന്നു.

2017 ഡിസംബര്‍ മുതല്‍ ജയിലിലുള്ള ലാലു കൂടുതല്‍ കാലം ഝാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജനുവരിയിലാണ് ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്.

ലാലുവിന്റെ അസാന്നിധ്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മകന്‍ തേജസ്വി യാദവായിരുന്നു ആര്‍.ജെ.ഡിയെ നയിച്ചത്. 40 വര്‍ഷത്തിനിടെ ആദ്യമായി ലാലുവിന് പ്രചാരണം നടത്താന്‍ സാധിക്കാത്ത തെരഞ്ഞെടുപ്പാണ് കഴിഞ്ഞ വര്‍ഷം കടന്നുപോയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top