News Desk

2021-02-09 05:08:04 pm IST


റാഞ്ചി: കാലിത്തീറ്റക്കേസില്‍ ശിക്ഷിക്കപ്പെട്ട് മൂന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവ് ഈ മാസം 12-ന് പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ട് കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിന് നേരത്തെ ജാമ്യം നല്‍കിയിരുന്നു. മൂന്നാമത്തെ കേസിലെ ജാമ്യപേക്ഷയാണ് 12-ന് പരിഗണിക്കുന്നത്.

ലാലുവിന്റെ പ്രായാധിക്യവും ആരോഗ്യ സ്ഥിതിയും കണക്കാക്കി ജാമ്യം നല്‍കാനാണ് സാധ്യതയെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് റാഞ്ചി റിംസ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ലാലുവിനെ ഡല്‍ഹി എയിംസിലേക്ക് കഴിഞ്ഞ ആഴ്ച മാറ്റിയിരുന്നു. 

ലാലു 2017 ഡിസംബര്‍ 23 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ശിക്ഷാകാലാവധി പകുതി പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടു കേസുകളില്‍ ലാലുവിന് ഹൈക്കോടതി ജാമ്യം നല്‍കി. 

മൂന്നാമത്തെയും അവസാനത്തെയും കേസില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ലാലു ജാമ്യാപേക്ഷ നല്‍കിയത്. ബിഹാര്‍ തിരഞ്ഞെടുപ്പ് കാലത്ത് ലാലുവിനെ പുറത്തിറക്കാന്‍ ആര്‍.ജെ.ഡി അധ്യക്ഷനെ പുറത്തിറക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ലാലു പുറത്തിറങ്ങിയാല്‍ മഹാസഖ്യം അധികാരം പിടിക്കുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ബി.ജെ.പി-ജെ.ഡി.യു സഖ്യം തന്ത്രപരമായി കരുക്കള്‍ നീക്കി. ഡിസംബറില്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി സി.ബി.ഐയോടു വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേസ് ഫെബ്രുവരി 12-ലേക്ക് മാറ്റുകയായിരുന്നു. 

അതേസമയം, ലാലുവിന്റെ ശിക്ഷ പകുതി പൂര്‍ത്തിയായെന്ന വാദം സി.ബി.ഐ നിഷേധിക്കുകയാണ്. എട്ടു മാസം കൂടി കഴിഞ്ഞാലെ പകുതി ശിക്ഷാ കാലാവധിയാകുവെന്നാണ് സി.ബി.ഐ അഭിഭാഷകന്റെ നിലപാട്. 

കഴിഞ്ഞ തവണ കേസ് വാദം കേട്ടപ്പോള്‍ കസ്റ്റഡി കാലാവധിയെക്കുറിച്ച് ലാലു കോടതിയില്‍ നല്‍കിയ കാലയളവിനെക്കുറിച്ച് വിശദമായ കണക്കൂട്ടല്‍ നടത്താന്‍ ആറാഴ്ച സമയം വേണമെന്ന് സി.ബി.ഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെയാണ് കേസ് 12-ലേക്ക് മാറ്റിയത്.  

കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുടെ ജയില്‍ ശിക്ഷാ കാലാവധിയുടെ വിശദാംശങ്ങള്‍ കാണിക്കുന്ന കീഴ്‌ക്കോടതിയുടെ ഉത്തരവ് സഹിതം വിശദമായ സത്യവാങ്മൂലം സി.ബി.ഐ ജാര്‍ഖണ്ഡ് ഹൈക്കോടതിക്ക് കൈമാറി. 

1995 ഡിസംബര്‍ മുതല്‍ 1996 ജനുവരി വരെ കാലിത്തീറ്റ വിതരണം ചെയ്തുവെന്ന് കാണിച്ച് വ്യാജ ബില്‍ ഹാജരാക്കി ഡുംക ട്രഷറിയില്‍ നിന്ന് 3.76 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ലാലുവിനെതിരെയുള്ള കാലിത്തീറ്റ അഴിമതിക്കേസ്. പ്രത്യേക സി.ബി.ഐ കോടതി ലാലുവിന് 14 വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു.

ഐ.പി.സി പ്രകാരവും അഴിമതി നിരോധന നിയമപ്രകാരവും ഏഴു വര്‍ഷം വീതം വെവ്വേറെയാണ് ശിക്ഷ വിധിച്ചത്. ഹൈക്കോടതി ഈ തീരുമാനം റദ്ദാക്കുമെന്നാണ് ലാലുവിന്റെ അഭിഭാഷകരുടെ പ്രതീക്ഷ. രണ്ടു ശിക്ഷയും ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് ഹൈക്കോടതി പറഞ്ഞാല്‍ ഏഴു വര്‍ഷം മാത്രം  ലാലുവിനു ജയിലില്‍ കിടന്നാല്‍ മതിയാവും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top