News Desk

2021-03-15 11:58:04 am IST

കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം നിഷേധിച്ച ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കുമെന്ന് സൂചന. സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്നു വൈകീട്ട് ഏറ്റുമാനൂരില്‍ നടക്കുന്ന പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ പിന്തുണയ്ക്കുന്ന പലരും ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം തന്നെ പിന്തുണയ്ക്കുന്നവരുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും ലതിക സുഭാഷ് പറഞ്ഞു. 

'മുമ്പ് കോണ്‍ഗ്രസില്‍ പലരും വിമത സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ അവരെയെല്ലാം ഉപദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നു താനും അതിന് നിര്‍ബന്ധിതയായി. പ്രവര്‍ത്തകരുടെ കൂട്ടായ തീരുമാനത്തിന് ശേഷമേ ഒരു ചുവടെങ്കിലും മുന്നോട്ടുവയ്ക്കുകയുള്ളുവെന്നും' ലതിക സുഭാഷ് വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ലതികാ സുഭാഷ് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും അവര്‍ രാജിവെച്ചിരുന്നു. 

അതേസമയം, ലതികാ സുഭാഷുമായി ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ലതികാ സുഭാഷിന്റെ പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.

ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് വാശി പിടിക്കുകയായിരുന്നു ലതികാ സുഭാഷ്. സീറ്റുകള്‍ നിശ്ചയിച്ച ശേഷമാണ് വൈപ്പിന്‍ മണ്ഡലം ലതിക ചോദിക്കുന്നത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ നേരത്തേ ലതിക ചോദിച്ചിരുന്നില്ല. സ്വതന്ത്രയായി ലതിക മത്സരിക്കുന്നതിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top