News Desk

2021-03-14 05:37:37 pm IST
തിരുവനന്തപുരം: ലതിക സുഭാഷ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വനിതകളെ കോണ്‍ഗ്രസ് പാര്‍ട്ടി തഴഞ്ഞെന്നു പറഞ്ഞാണ് സ്ഥാനം രാജിവെച്ചത്. ഏറ്റുമാനൂര്‍ സീറ്റ് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ലതിക മാധ്യമങ്ങളോടു പറഞ്ഞു. 

ഈ വിഷയത്തില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു. ഏറെ വൈകാരികമായ പ്രതിഷേധങ്ങള്‍ക്കുശേഷമായിരുന്നു കെ.പി.സി.സി ആസ്ഥാനത്തിനുമുന്നില്‍വച്ച് അവര്‍ പരസ്യമായി തല മുണ്ഡനംചെയ്തത്. സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ തഴയപ്പെട്ടു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ത്രീകളാണ് കടുത്ത അവഗണന അനുഭവിക്കുന്നത്. 14 ജില്ലകളില്‍ 14 സ്ഥാനാര്‍ഥികളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും അവര്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എല്‍.ഡി.എഫിലേക്കുപോയപ്പോള്‍ ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവിടെ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നു. ജനിച്ചുവളര്‍ന്ന മണ്ണില്‍ മത്സരിക്കാന്‍ ഏറെ താല്‍പ്പര്യവും ഉണ്ടായിരുന്നു. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറഞ്ഞിരുന്നതായും ലതികാ സുഭാഷ് പറഞ്ഞു. 

ഏറ്റുമാനൂരില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ വൈപ്പിനില്‍ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അവര്‍ പറയുന്നു. തന്റെ ഭര്‍ത്താവിന്റെ നാടായ വൈപ്പിനില്‍ നിന്ന് പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് തന്നെ സ്വാഗതം ചെയ്തതായും അവിടേയും സീറ്റ് ലഭിക്കാത്തത് കടുത്ത അനീതിയാണെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ലതിക യു.ഡി.എഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ എം.എം ഹസ്സന്റെ കാല്‍ തൊട്ട് വന്ദിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top